കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനം നടത്താന്‍ ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് എന്‍ഐഎ റെയ്ഡ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസിന്‍റെ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന ഉക്കടം സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെ അറസ്റ്റുചെയ്തു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു.


ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയുടെ ബുദ്ധികേന്ദ്രമായിരുന്ന സഹ്റാന്‍ ഹാഷിമുമായി ഇവര്‍ക്ക് ബന്ധമുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഐഎസ്‌ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മെയ് 30 ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാവിലെ മുതല്‍ കോയമ്പത്തൂരില്‍ റെയ്ഡ് നടത്തിയത്.


കേസെടുത്ത ആറുപേരോടും ഇന്ന് കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സ്ഫോടനങ്ങള്‍ നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഐഎസിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. 


ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണ പദ്ധതിയിട്ട ഐഎസിന്‍റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്.