ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയാത്രാ നിരോധന വിഷയം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുമായി കേരള ഹൗസില്‍വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ബന്ദിപ്പൂര്‍ റൂട്ടിലെ രാത്രിയാത്രാ നിരോധനം ഗൗരവമുള്ള വിഷയമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിന് എത്രും വേഗം പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 


കൂടാതെ, പ്രളയം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി വയനാട് എം.പി ചര്‍ച്ചചെയ്തു. 


രാത്രിയാത്രാ നിരോധനത്തിനെതിര വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം പ്രക്ഷോഭം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിക്കും. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരുമായും മുഖ്യമന്ത്രി ഇതേ വിഷയത്തില്‍ ഇന്ന് കുടിക്കാഴ്ച നടത്തുന്നുണ്ട്. 


കോഴിക്കോട്- മൈസൂര്‍- കൊള്ളെഗല്‍ ദേശീയ പാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ  ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


'പ്രശ്‌നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക്കുമെന്നാണ് പറയുന്നത്. പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച്‌ കേന്ദ്രപരിസ്ഥിതിവനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തല്‍സ്ഥിതി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ ഇനിയും സമീപിക്കും. മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.'മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.