തിരുവനന്തപുരം: മതം മാറി അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയ നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു രേഖ ശര്‍മ്മയും ബിന്ദുവും തമ്മിലുള്ള കൂടിക്കാഴ്ച. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതിയാണ് ബിന്ദു വനിതാ കമ്മീഷന് കൈമാറിയത്. 


കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു. താൻ  ഒരു പാർട്ടിയുടെയും അംഗത്വം എടുത്തിട്ടില്ലെന്നും ചിലരങ്ങനെ പ്രചരിപ്പിക്കുകയാണെന്നും നിമിഷയുടെ അമ്മ ബിന്ദു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ഫലപ്രദമാകുന്നില്ലെന്നും മകളെ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിമിഷ,ഭര്‍ത്താവ് പാലക്കാട്‌ സ്വദേശി ബെക്സണ്‍ ഇവരുടെ 10 മാസം പ്രായമായ കുഞ്ഞ് ഉമ്മുഖുല്‍സു എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരരുടെ തടവിലാണെന്ന് ബിന്ദു നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.  വിവാഹശേഷമാണ് നിമിഷ മതം മാറിയത്.  പിന്നീട് ഇരുവരും രാജ്യം വിട്ടു. തിരുവനന്തപുരത്തുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാന പോലീസ് മേധാവിയുമായിമായും ഇന്ന് കൂടിക്കാഴ്ച്ച നടത്തും.