തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സംശയങ്ങൾ നിലനിർത്തി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. അജിത്കുമാർ ആർഎസ്എസ് നേതാക്കളായ റാം മാധവിനെയും ദത്താത്രേയ ഹൊസബലയെയും കണ്ടത് എന്തിനെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എംആർ അജിത്കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്ത് വിട്ടത്. പ്രമുഖ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ല. നേതാക്കളെ കാണാൻ ഔദ്യോഗിക വാഹനം ഒഴിവാക്കി പോയത് സൗഹൃദ കൂടിക്കാഴ്ചയ്ക്കാണോ എന്നതിലും വ്യക്തത വന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. 


ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ 2023 ഏപ്രിലിൽ തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ചാണ് എഡിജിപി എംആർ അജിത്കുമാർ കണ്ടത്. ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആർഎസ്എസ് നേതാവ് എ ജയകുമാറുമായി യാത്ര ചെയ്തത് എന്തിനെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്താണെന്ന് കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.


ഔദ്യോഗികമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതെന്ന ആരോപണത്തെ തള്ളുകയോ കൊള്ളുകയോ അന്വേഷണസംഘം ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് വേണ്ടിയും  സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ് സി വഴിയുള്ള സ്ഥാനക്കയറ്റ പട്ടികയിൽ ഇടം പിടിക്കാൻ വേണ്ടിയും ആണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് എന്ന രീതിയിൽ ആരോപണങ്ങളുയരുകയും അത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത് സത്യമാണോ അതോ തെറ്റാണോ എന്നതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇതാണ് സന്ദർശന ലക്ഷ്യമെങ്കിൽ, അത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.


നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പലതും പൊതുവായി ഉന്നയിക്കപ്പെട്ടവയാണെന്നും വ്യക്തമായ തെളിവുകളില്ലാത്തവയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പൊതു ആരോപണങ്ങളിൽ പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തിയിട്ടില്ല. എന്നാൽ കൃത്യമായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. എംഎൽഎ ഉന്നയിച്ച ചില ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


എഡിജിപിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.


 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.