കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകില്ല
കെഎസ്‌ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകില്ല. ബംഗളുരുവില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിന്‍റെ പുറകെയാണ് ഈ പുതിയ തീരുമാനം.
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകില്ല. ബംഗളുരുവില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിന്‍റെ പുറകെയാണ് ഈ പുതിയ തീരുമാനം.
ബസുകള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്തേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും ഉത്തരവ് അയച്ചു. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ബസ് നിര്‍ത്തേണ്ടി വരികയാണെങ്കില്‍ അടുത്തുള്ള ബസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പുകൾ, റോഡിനോട് ചേര്‍ന്നുള്ള ഭക്ഷണശാലകള്‍ക്ക് മുന്നില്‍ എന്നിവിടങ്ങളിലേ ഇനി ബസ് നിര്‍ത്താവൂവെന്നാണ് പുതിയ നിര്‍ദ്ദേശം.
ഓഗസ്റ്റ് 31-ന് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ പുലർച്ചെ 2.45 ന് ബൈക്കിലെത്തിയ അജ്ഞാതസംഘം യാത്രക്കാരുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. ചന്നപട്ടണത്തിന് അടുത്ത് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിറുത്തിയപ്പോൾ ആണ് അക്രമികള്‍ ബസ്സില്‍ക്കേറി വന്‍കവര്‍ച്ച നടത്തിയത്.