വിഷു ദിനത്തിലും ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍; റിലേ സത്യഗ്രഹവുമായി സിഐടിയു
ശമ്പളം ലഭിക്കാത്ത സാഹചര്യമായതോടെ ഭരണാനുകൂല സംഘടനയടക്കം കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വിഷു ദിനത്തിലും ദുരിതമൊഴിയാതെ കെ എസ് ആർ ടി സി. ജീവനക്കാര്‍ക്ക് ഇത് ശമ്പളമില്ലാത്ത വിഷു. ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം നീളുകയാണ്. സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചെങ്കിലും കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. അതേസമയം 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കെ എസ് ആര്‍ ടി സി.
ശമ്പളം ലഭിക്കാത്ത സാഹചര്യമായതോടെ ഭരണാനുകൂല സംഘടനയടക്കം കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു യൂണിയന്‍റെ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് ഇന്ന് രാവിലെ 11 മണിക്ക് സമര തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. 28 ന് പണിമുടക്കുമെന്ന് ബിഎംഎസിന്‍റെ യൂണിയനും പ്രഖ്യാപനം നടത്തയിട്ടുണ്ട്.
പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും സിഎംഡിക്ക് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മാനേജ്മെന്‍റ് കിട്ടുന്ന പണം ഫലപ്രദമായി വിനിയോഗിക്കുന്നില്ല. കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചതായും സിഐടിയു ആരോപണം ഉന്നയിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.
ബാങ്കുകൾ അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി - എഐടിയുസി സംഘടനകള്‍ ഈ മാസം 28 ന് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.