തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് സ്ഥലം മാറ്റിയത്. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെന്‍ഷന്‍ ഫണ്ട് വിഭാഗത്തിലേക്കാണ് അനിലിനെ സ്ഥലം മാറ്റിയത്.


ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാകില്ലെന്നും തന്‍റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയാണെങ്കിലും ഈ ചലഞ്ചിന് നോ പറയും എന്നുമാണ് അനില്‍  സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. 


ഇതിന് പിന്നാലെയാണ്  സ്ഥലം മാറ്റിക്കൊണ്ട് ധനകാര്യ വകുപ്പ്  ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അംഗമാണ് അനില്‍ രാജ്. 


32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണ് താനെന്നും തനിക്ക് ചെയ്യാന്‍ പറ്റാവുന്നതിന്‍റെ പരമാവധി തന്‍റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വാസ സഹായമായി ചെയ്തിട്ടുണ്ട്. അതിനാല്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കാനാകില്ലെന്ന് അനില്‍ രാജ് പരസ്യമായി പറഞ്ഞിരുന്നു.


സ്വമേധയാ തുക നല്‍കാന്‍ തയ്യാറാക്കത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കിയ ആളാണ് അനില്‍രാജ്. മക്കള്‍ക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചു. സഹോദരന്‍ ചെങ്ങന്നൂരില്‍ ശുചിയാക്കല്‍ യജ്ഞത്തിലും പങ്കെടുത്തിരുന്നു.