തിരുവനന്തപുരം: മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നെന്നും പൊളിക്കലല്ല സർക്കാർ നയമെന്നും പിണറായി വിജയൻ ജില്ല ഭരണകൂടത്തെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുരിശ് തകര്‍ത്ത് കൈയ്യേറ്റം തകര്‍ത്തതില്‍ അതൃപ്തിയുണ്ട്. കുരിശ് എന്ത് പിഴച്ചു, നടപടി കുരിശ് പൊളിച്ച സര്‍ക്കാരെന്ന പ്രതീതിയുണ്ടാക്കി. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും ബാക്കി തീരുമാനം നാളെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമനടപടി സ്വീകരിച്ചാല്‍ മതിയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കുടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഇന്ന് രാവിലെ അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ദേവികുളത്ത് നിരോധജ്ഞ പ്രഖ്യാപിച്ചാണ് കയ്യേറ്റങ്ങൾ പൊളിച്ച് നീക്കിയത്. രാവിലെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചാണു കയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. 


ദേവികുളം അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണു നടപടി. വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്‍റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.