കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 17-09-2001 ആണ് പെണ്‍കുട്ടിയുടെ ജനനത്തിയതി ആയി ചേര്‍ത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രേഖകളുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. 


പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടിരുന്നു. നവിമുംബൈയില്‍ നിന്നു പിടികൂടിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും ഇന്ന് കൊല്ലം ഓച്ചിറയിലെത്തിക്കും.


ഇഷ്ടത്തിലാണെന്നും 18 വയസ്സ് പൂര്‍ത്തിയായവരാണെന്നുമാണ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് പറഞ്ഞത്. ഇതിന് പുറമെ കോടതിയില്‍ ഹാജരാക്കുബോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും. 


തട്ടികൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെണ്‍കുട്ടിയെയും പ്രതി മുഹമ്മദ്‌ റോഷനെയും മഹാരാഷ്ട്രയില്‍ നിന്നും കണ്ടെത്തിയത്. വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായിരുന്നു. 


എന്നാല്‍ തന്നെ റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നാണ് രണ്ടു പേരുടെയും അവകാശവാദം.


നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.