ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; ഒരു മരണം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്തെത്തി. കന്യാകുമാരിക്ക് സമീപമെത്തിയ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇതോടെ തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.
അതിനിടെ അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്തോളം വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയെ തുടര്‍ന്ന് പാറശാലയില്‍ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നുവീണു. പ്രധാന വേദിയുള്‍പ്പെടെ മൂന്ന്‍ വേദികളാണ് തകര്‍ന്നു വീണത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. അച്ചന്‍കോവിലില്‍ വനവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. കനത്ത മഴയില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയില്‍ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു. കന്യാകുമാരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു. ദേശീയ പാതയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍ കോവില്‍, കൊല്ലം-കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.