Onam 2021: തൂശനിലയിൽ സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരപ്പട
പരിപ്പും സാമ്പാറും തൊടുകറികളുമടക്കം കൂട്ടി ശാസ്താംകോട്ടയിലെ അമ്പലക്കുരങ്ങന്മാർ ഓണ സദ്യ കഴിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്
കൊല്ലം: സദ്യയിൽ അവിയലിനോടും പായസത്തിനോടും പ്രിയം കൂടുതൽ. ശർക്കര വരട്ടിയും ഉപ്പേരിയും കിട്ടിയാൽ പിന്നെ മറ്റൊന്നും വേണ്ട. പപ്പടത്തിനും പായസത്തിനും അടിയോടടി! പരിപ്പും സാമ്പാറും തൊടുകറികളുമടക്കം കൂട്ടി ശാസ്താംകോട്ടയിലെ അമ്പലക്കുരങ്ങന്മാർ ഓണ സദ്യ കഴിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
കൂട്ടത്തിലെ തടിമിടുക്കന്മാരാണ് ആദ്യം സദ്യ കഴിക്കാനെത്തുക. തങ്ങൾക്ക് മുമ്പേ സദ്യയിൽ കയ്യിട്ടു വാരാനെത്തുന്നവരെ ഇവർ ആട്ടിയോടിക്കും. മൂപ്പന്മാരുടെ കണ്ണുവെട്ടിച്ച് വിഭവങ്ങൾ അകത്താക്കുന്നവരും കൂട്ടത്തിലുണ്ട്. പിന്നാലെ ഇളമുറക്കാരും കുഞ്ഞുങ്ങളെ മാറോടണച്ച് അമ്മ കുരങ്ങുകളുമെത്തും.
അമ്പലത്തിലെ ഭോജന ശാലയിൽ സാധാരണ ദിവസങ്ങളിലും വാനരന്മാർക്ക് ഭക്ഷണം നൽകാറുണ്ടെങ്കിലും ഉത്രാടം മുതലുള്ള ഓണ നാളുകളിൽ വിഭവ സമ്യദ്ധമായ സദ്യ തന്നെയാണൊരുക്കുക. വാനര സദ്യ തുടങ്ങിയിട്ട് അര നൂറ്റാണ്ടോളമായെന്ന് പഴമക്കാരും സാക്ഷ്യപ്പെടുത്തുന്നു.
ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിലെ വാനര സാനിധ്യത്തിന് ശ്രീരാമ കഥയോളം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പണ്ട് രാവണ നിഗ്രഹം പൂർത്തിയാക്കി അയോധ്യയിലേക്ക് മടങ്ങുന്നതിനിടയിൽ ശ്രീരാമനും വാനരസൈന്യവും ശാസ്താംകോട്ടയിൽ ധർമശാസ്താവിന്റെ അതിഥികളായി തങ്ങിയത്രെ. വീണ്ടും യാത്ര തുടങ്ങുന്ന വേളയിൽ ശ്രീരാമനിർദേശപ്രകാരം വാനര പ്രമുഖനായ നീലന്റെ നേതൃത്വത്തിൽ എതാനും വാനരന്മാരെ ശാസ്താവിന്റെ തോഴന്മാരായി നിയോഗിച്ചു. അവരുടെ പിൻ തലമുറകളാണ് ഇപ്പോഴത്തെ ക്ഷേത്രക്കുരങ്ങുകളെന്നാണ് ഐതിഹ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...