Onam 2022 |കുമ്മാട്ടിക്കൂട്ടം ആടിതിമിർത്തെത്തി; ഓണാനാളുകൾ ആവേശമാക്കാൻ
ഓണാനാളുകളിൽ പുരാണ കഥാപാത്രങ്ങളെ സ്തുതിച്ചുകൊണ്ട് വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്
പൂരവും പുലികളിയും പോലെ തൃശ്ശൂർക്കാർക്ക് ആഘോഷമാണ് മൂന്നാം ഓണത്തിന് ആടിതിമിർത്തെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങളും. ജാതിമതഭേദമന്യേ ദേശക്കാർ ഒരുമിക്കുമ്പോൾ ഓണാനാളുകളെ ആവേശഭരിതവും അവിസ്മരണീയമാക്കാൻ നാട്ടിടവഴികളിലൂടെ കുമ്മാട്ടികളെത്തും. ഓണമെത്തിയതോടെ തൃശ്ശൂരിലെ കുമ്മാട്ടി കൂട്ടങ്ങളും സജീവമായിരിക്കുകയാണ്.
ഓണാനാളുകളിൽ പുരാണ കഥാപാത്രങ്ങളെ സ്തുതിച്ചുകൊണ്ട് വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്. ദേഹത്ത് പർപ്പടകപ്പുല്ല് വരിഞ്ഞു ചുറ്റി കുമിൾ തടിയിൽ കൊത്തിയ മുഖംമൂടിയുമാണിഞ്ഞുകൊണ്ടാണ് നാട്ടിടവഴികളുലൂടെ കുമ്മാട്ടി സംഘങ്ങളെത്താറുള്ളത്. കേരളത്തിൽ തൃശ്ശൂർ,പാലക്കാട്,വയനാട് ജില്ലകളിലാണ് മൂന്നാം ഓണത്തിന് കുമ്മാട്ടികളെത്താറുള്ളത്.
വീടുകൾതോറും സന്ദർശനം നടത്തിയെത്തുന്ന കുമ്മാട്ടികളെ ഗ്രാമീണർ ആദരവോടെയാണ് കാണുന്നത്. തൃശ്ശൂർ നഗരത്തിന് ചുറ്റുമായി അസംഖ്യം കുമ്മാട്ടി സംഘങ്ങൾ ഇന്നും സജീവമായുണ്ടെങ്കിലും കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന തൃശ്ശുരിലെ കിഴക്കുമ്പാട്ടുകരയാണ് കുമ്മാട്ടി സംഘങ്ങൾക്ക് പേരുകേട്ട ദേശം.ഭാരിച്ച സാമ്പത്തിക ചിലവുള്ള കുമ്മാട്ടിക്കളിക്ക് കാര്യമായ സർക്കാർ സഹായം ലഭിക്കുന്നില്ലെങ്കിലും
മതസൗഹാർദ്ദത്തോടെ ദേശത്തെ ഒരുമിപ്പിച്ചു നിർത്തുന്ന ഈ കലാരൂപം തങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതായി പരമ്പരാഗത കുമ്മാട്ടികൾ പറയുന്നു.
ചരിത്ര പ്രകാരം വടക്കുംനാഥന്റെ 108 ഭൂതഗണങ്ങളിൽ പെടുന്നവയാണ് കുമ്മാട്ടിക്കൂട്ടങ്ങൾ. ചിലയിടങ്ങളിൽ അനുഷ്ടാന കലയായി കരുതിപ്പോരുമ്പോൾ തൃശ്ശൂരിൽ ഓണക്കാലത്തെ വിനോദമായാണ് കണക്കാക്കപ്പെടുന്നത്. കുമ്മാട്ടികൾ ആടിതിമിർക്കുമ്പോൾ സംഘത്തിലെ മറ്റുള്ളവർ പാട്ടുപാട്ടുപാടും. ചെണ്ടയാണ് മുഖ്യവാദ്യം നാഗസ്വരവും വില്ലും ഉപയോഗിക്കും. മര മുഖംമൂടികളിൽ കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിക്കുന്നത്.
ശരീരത്തിൽ വച്ചുകെട്ടുന്ന പാർപ്പടക പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്.തള്ളക്കുമോട്ട,ശ്രീകൃഷ്ണന്‍,ദാരികന്‍,നാരദന്‍, മഹാബലി, മഹാവിഷ്ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, പളുങ്കുവയറന്‍, ബാലി, സുഗ്രീവന്‍, ഹനുമാന്‍ തുടങ്ങിയ അനേകം വേഷങ്ങള്‍ കുമ്മാട്ടിയിലുണ്ട്.ഓണത്തിന്റെ ദിനങ്ങൾ അടുക്കുമ്പോൾ മൂന്നാം ഓണത്തിന് നാട്ടിടവഴികളെ ആവേഷഭരിതമാക്കാനുള്ള തയാറെടുപ്പിലാണ് തൃശ്ശൂരിലെ കുമ്മാട്ടിക്കൂട്ടങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...