Onam 2023: ഉത്രാട ദിനത്തിൽ മലയാളി കുടിച്ചുതീർത്തത് 116 കോടിയുടെ മദ്യം; നാല് കോടിയുടെ അധിക വിൽപ്പന, ഒന്നാം സ്ഥാനം ഇവിടെ
Bevco: സാധാരണയായി ഒന്നാം സ്ഥാനത്ത് എത്താറുള്ള തൃശ്ശൂർ ജില്ലയിൽ തന്നെയാണ് ഇത്തവണയും റെക്കോർഡ് മദ്യ വില്പന ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റഴിച്ചത് 116 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ നാലുകോടി രൂപയുടെ മദ്യം അധികമായി വിറ്റു. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തൃശൂരിലെ ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റിൽ (1.06കോടി) ആണ്. കൊല്ലം ആശ്രാമം പോർട്ടിലെ ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തെത്തി. (1.01 കോടി). 95 ലക്ഷത്തിന്റെ വിൽപ്പനയുമായി ചങ്ങനാശ്ശേരിയിലെ ഔട്ട്ലെറ്റ് ആണ് മൂന്നാം സ്ഥാനത്ത്.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഓണത്തലേന്ന് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രാഥമികമായ കണക്കുകൾ ബെവ്കോ അധികൃതർ പുറത്തുവിട്ടു. കഴിഞ്ഞവർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കിൽ ഇത്തവണ അത് 116 കോടിയായി ഉയർന്നിട്ടുണ്ട്. അതായത്, നാലുകോടി രൂപയുടെ അധിക മദ്യ വിൽപനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
രണ്ട് ജില്ലകളിലെ ഔട്ട്ലെറ്റുകളിൽ ഒരു കോടി രൂപയിലേക്ക് വിൽപ്പന എത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ ഒരു കോടി ആറ് ലക്ഷം രൂപയുടെ മദ്യമാണ് വിറ്റതെങ്കിൽ കൊല്ലം ജില്ലയിലെ ആശ്രാമം പോർട്ട് ഔട്ട്ലെറ്റിൽ ഒരു കോടി ഒരു ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നിരിക്കുന്നത്. സാധാരണയായി ഒന്നാം സ്ഥാനത്ത് എത്താറുള്ള തൃശ്ശൂർ ജില്ലയിൽ തന്നെയാണ് ഇത്തവണയും റെക്കോർഡ് മദ്യ വില്പന ഉണ്ടായിരിക്കുന്നത്. മൂന്നാംസ്ഥാനത്ത് ചങ്ങനാശ്ശേരിയിലെ ഔട്ട്ലെറ്റാണ് എത്തിയിട്ടുള്ളത്.
അതേസമയം, ഇത്തവണത്തെ മദ്യവിൽപ്പന റെക്കോർഡ് കണക്കല്ല എന്നുള്ളതാണ് ബെവ്കോയുടെ കണക്കുകൾ. നാലുകോടി രൂപ അധികം വിറ്റഴിഞ്ഞുവെങ്കിലും പ്രതീക്ഷിച്ചിരുന്നത് അതിലധികമായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി മദ്യത്തിന് വില കൂടുതലാണ്. ബജറ്റിൽ ഉൾപ്പെടെ സെസ് ഏർപ്പെടുത്തിയതിലൂടെ മദ്യത്തിന് വില കൂടിയിട്ടുണ്ട്.
ആ രീതിയിലേക്ക് വിൽപ്പന ഉയർന്നിരുന്നുവെങ്കിൽ 130 കോടി രൂപയുടെ വരുമാനം ബെവ്കോയ്ക്ക് ലഭിക്കുമായിരുന്നു. ഓണാഘോഷത്തിന്റെ വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ അധികൃതർ. ഇതുവഴി കൂടുതൽ വരുമാനം കിട്ടുമെന്നും അധികൃതർ വിലയിരുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...