തിരുവനന്തപുരം∙  പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്ന് മൊബൈൽ ഓർഡർ ചെയ്തപ്പോള്‍ ലഭിച്ചതു രണ്ടു കല്ലും കൂടെ മൊബൈല്‍ ചാര്‍ജറും. തിരുവനന്തപുരം സ്വദേശിയും ടെക്നോപാർക്കു ജീവനക്കാരനുമായ പ്രവീണാണ് ഇത്തവണ തട്ടിപ്പിനിരയായത്. ജൂൺ നാലിനു നെറ്റില്‍ ഗ്യാലക്സി എ 5 മൊബൈൽ ഫോണിന്‍റെ പരസ്യം കണ്ട ശേഷം പ്രവീൺ  ഓർഡർ ചെയ്യാന്‍ തീരുമാനിച്ചു. തുടർ‌ന്ന് ഓൺലൈനായി പണവുമടച്ചു മൊബൈല്‍ ഓര്‍ഡര്‍ ചെയ്തു. ഒരുമണിക്കൂർ കഴിഞ്ഞതും  മൊബൈൽ ദിവസങ്ങൾക്കം  ലഭിക്കുമെന്ന് ഇദ്ദേഹത്തിനു മെസേജും ലഭിച്ചു.


കമ്പനിയിലെ ഡെലിവറി  ജീവനക്കാർ ഇന്നലെ രാവിലെയോടെ ടെക്നോപാർക്കിലെത്തി സീൽചെയ്ത ബോക്സ് പ്രവീണിന്  കൈമാറുകയും ചെയ്തു.‍ ജീവനക്കാർ പുറത്തിറങ്ങിയശേഷം ബോക്സ് അഴിച്ചു നോക്കിയപ്പോളാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം പ്രവീൺ തിരിച്ചറിഞ്ഞത്. രണ്ടു കല്ലും കൂടെ മൊബൈല്‍ ചാര്‍ജറും അടങ്ങുന്നതായിരുന്നു പായ്ക്കറ്റ്.  ഉടൻ തന്നെ ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചു. പ്രശ്നം പരിഹരിക്കാം എന്നായിരുന്നു ഇവരുടെ മറുപടി. എന്നാല്‍, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് പ്രവീണിന്‍റെ തീരുമാനം.