77-ാം ജന്മദിനത്തില്‍ നിറഞ്ഞ പുഞ്ചിരിയുമായി ജനനായകന് ഉമ്മന്‍ ചാണ്ടി
കേരളത്തിന്‍റെ ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 77-ാം പിറന്നാള്‍.......
കേരളത്തിന്‍റെ ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 77-ാം പിറന്നാള്‍.......
ലാളിത്യം മുഖമുദ്രയായ ഉമ്മന്‍ ചാണ്ടി (Oommen Chandy) തന്‍റെ 77-ാം ജന്മദിനത്തിലും അതേ പാത പിന്തുടരുകയാണ്. പിറന്നാള്‍ ആഘോഷങ്ങളില്ല എന്നതുതന്നെയാണ് ഈ പിറന്നാളിന്‍റെയും പ്രത്യേകത.
രാവിലെ ഉള്ളൂരിലെ പള്ളിയില്‍ പോയി, പിന്നീട് കുടുംബസമേതം പ്രഭാതഭക്ഷണം, ആശംസകളുമായെത്തിയവര്‍ക്ക് മധുരം, ഇവയിലൊതുങ്ങി ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍.....
അതേസമയം, ആശംസകള്‍ അറിയിക്കാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ "പുതുപ്പള്ളി" വീട്ടിലെത്തിയത്. എല്ലാവരോടും കുശലം പറഞ്ഞ ഉമ്മന്‍ ചാണ്ടി മധുരം നല്‍കി. ചിലര്‍ സമ്മാനങ്ങളും നല്‍കി. വീട്ടില്‍ ജന്മദിന കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നില്ല. സമ്മാനത്തിനൊപ്പം കേക്കുമായി എത്തിയവരോടും കേക്ക് മുറിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
ആശംസകള്‍ അറിയിക്കാന്‍ വന്നവരോടും, മറ്റ് ആവശ്യങ്ങള്‍ക്കായി എത്തിയവരോടും കാര്യങ്ങള്‍ തിരക്കി വീണ്ടും രാഷ്ട്രീയ തിരക്കുകളിലേയ്ക്ക് ഉമ്മന്‍ചാണ്ടി നീങ്ങി. ജന്മദിന ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരോടും രാഷ്ട്രീയമായിരുന്നു ഉമ്മന്‍ചാണ്ടിയ്ക്ക് കൂടുതല്‍ പറയാനുണ്ടായിരുന്നത്. വിളിച്ച രാഷ്ട്രീയക്കാരോട് കൂടുതലും ചോദിച്ചത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്തായി എന്നായിരുന്നു.
ജന്മദിന ആഘോഷത്തെക്കുറിച്ച് ചോദിച്ചവരോട്, പൊതുവെ ആഘോഷങ്ങളോട് താല്‍പര്യമില്ലെന്നും, തന്‍റെ വിവാഹം പോലും ആഘോഷിച്ചില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി,
അതേസമയം, ജന്മദിനത്തില്‍ ഉമ്മന്‍ചാണ്ടിയെ ലോക മലയാളി സമൂഹം ആദരിക്കും. ഓണ്‍ലൈനായാണ് ചടങ്ങ്. അമേരിക്ക, കാനഡ, യൂറോപ്പ് , ഗള്‍ഫ് , ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതില്‍പരം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ്...
അമേരിക്ക, കാനഡ, യൂറോപ്പ് , ഗള്‍ഫ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ മുപ്പതില്‍പരം മാതൃ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 7.30നാണ് ചടങ്ങുകള്‍ നടക്കുക.
Also read: Local Body Election: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസം ഇന്ന്
ഗ്ലോബല്‍ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആഗോള തലത്തിലുള്ള സംഘടനയിലെ എല്ലാ അംഗങ്ങളേയും കുടുംബസമേതം ഹാര്‍ദ്ദവമായി സംഘാടകര്‍ സ്വാഗതം ചെയ്തു.