Operation Malsya: കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി
Operation Malsya: കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നിന്ന് 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. ചീഞ്ഞതും പൂപ്പൽ പിടിച്ചതുമായി മത്സ്യമാണ് പിടികൂടിയത്.
കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കെത്തിക്കുന്നത് പഴകിയ മത്സ്യം. കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നിന്ന് 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. ആറായിരം കിലോയിലധികം ചൂര മത്സ്യം ഉൾപ്പെടെയാണ് പിടികൂടിയത്. ചീഞ്ഞതും പൂപ്പൽ പിടിച്ചതുമായി മത്സ്യമാണ് പിടികൂടിയത്.
മൂന്ന് ലോറികളിലായാണ് മീൻ കൊണ്ടുവന്നത്. ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തുന്നത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് മീൻ കൊണ്ടുവന്നതെന്നാണ് വിവരം. പുനലൂർ, അടൂർ, കരുനാഗപ്പള്ളി, ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിച്ചത്. പിടിച്ചെടുത്ത മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചു.
ALSO READ: കോഴിക്കോട് മുക്കത്ത് മത്സ്യമാർക്കറ്റിൽ നിന്ന് പഴകി പുഴുവരിച്ച മത്സ്യം പിടികൂടി
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പഴകിയതും മാലിന്യം കലർത്തിയതുമായ മത്സ്യം വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ-ഭക്ഷ്യ സുരക്ഷ വിഭാഗങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’ സംസ്ഥാനത്ത് തുടരുകയാണ്. പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പഴകിയ മത്സ്യം പിടികൂടുന്നതിനായി പരിശോധനകൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...