കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനെ ത്തുടര്‍ന്ന് മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധംശക്തമാവുകയാണ്...
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനെ ത്തുടര്‍ന്ന് മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധംശക്തമാവുകയാണ്...
മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഇന്നലെ മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യലിന് പിന്നാലെയാണ് കസ്റ്റംസും ചോദ്യം ചെയ്യുന്നത്.
മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. UAE കോണ്‍സുലേറ്റ് നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തിലാണ് നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടും. നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങള്‍ വന്നതിന്‍റെ മറവില്‍ സ്വപ്ന സുരേഷും സംഘവും സ്വര്‍ണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക.
ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ആരോപണത്തില്‍ സിഇഒ യു.വി.ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. റെഡ് ക്രസന്‍റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്‍റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍.
ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷധം തുടങ്ങി. കെ ടി ജലീലിന്‍റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭം നടത്തുമ്പോഴും സര്‍ക്കാരോ സിപിഎമ്മോ അതിന് വഴങ്ങിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത് കൊണ്ട് രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ജലീലിനെ ചോദ്യം ചെയ്താല്‍ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലാകും.
അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.