കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ; കൊവിഡ് മരണ നിരക്കിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ
മരണ നിരക്കിലെ അവ്യക്തത നീക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: കൊവിഡ് വിഷയം വിവാദമാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വിഡി സതീശൻ. മരണ നിരക്കിലെ അവ്യക്തത നീക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കൊവിഡ് (Covid) വിഷയത്തിൽ പ്രതിപക്ഷം നിരുപാധിക പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. ഗവർണറുടെ (Governor) നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത് മരണ നിരക്ക് കുറച്ച് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നാണ്. മരണ നിരക്കിനെ സംബന്ധിച്ച് ധാരാളം പരാതികൾ ഉണ്ടായിട്ടുണ്ട്. മരണം സംബന്ധിച്ച കണക്കുകൾ മൂടിവയ്ക്കുന്നതായാണ് പരാതിയെന്ന് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നുവെന്നും വിഡി സതീശൻ (VD Satheesan) പറഞ്ഞു.
ALSO READ: COVID Vaccine : കിടപ്പ് രോഗികൾക്ക് വാക്സിൻ വീട്ടിൽ എത്തിക്കും, ആരോഗ്യ വകുപ്പ് മാർഗനിദേശം ഇറക്കി
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തി ഡൽഹിയിൽ നിന്ന് ഐസിഎംആർ നൽകുന്ന ഗൈഡ് ലൈനാണ് ഏറ്റവും പ്രധാനപ്പെട്ട ഗൈഡ് ലൈൻ. ആ ഗൈഡ് ലൈൻ വായിക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നത് നമ്മുടെ സംസ്ഥാനത്ത് യഥാർഥ കൊവിഡ് രോഗികളെ കൊവിഡ് രോഗികളല്ല, അവർ മരിക്കുമ്പോൾ മരണകാരണം കൊവിഡ് ബാധിച്ചല്ല എന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
ശരിക്കും സാംക്രമിക രോഗങ്ങൾ വരുമ്പോഴും ഏത് രോഗങ്ങൾ വരുമ്പോഴും ഏത് രോഗി മരിച്ചാലും ആ രോഗിയെ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പരിശോധിച്ച ഡോക്ടർ വേണം സർട്ടിഫിക്കറ്റ് നൽകാൻ. ഇവിടെ ഈ രോഗിയെ കാണാത്ത ഒരു കമ്മിറ്റി തിരുവനന്തപുരത്ത് എവിടെയോ ഇരുന്ന് കൊണ്ടാണ് മരണകാരണം നിശ്ചയിക്കുന്നത്. മാത്രമല്ല, ഇപ്പോൾ ഒരു രോഗി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുമ്പോൾ കൊവിഡ് നെഗറ്റീവ് ആയെന്നാണ് വ്യക്തമാക്കുന്നത്. ഇതുപോലുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മരണ സംഖ്യ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...