വൈദ്യുതി നിരക്ക് വര്‍ധന അംഗീകരിക്കാനാകില്ല; അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ.എസ്.ഇ.ബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്
വൈദ്യുത ചാര്‍ജ് വര്‍ധനവിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കെ.എസ്.ഇ.ബിയില്‍ ഉണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചത് നീതീകരിക്കാനാകില്ല. നിരക്ക് വര്‍ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കരുത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുത പിരിവില്‍ ദയനീയമായി പരാജയപ്പെട്ടതും സര്‍ക്കാരിന്റെ ദുര്‍ചെലവുകളുമാണ് സംസ്ഥാനത്തെ ഈ അവസ്ഥയില്‍ എത്തിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കെല്ലാം പണം ചെലവഴിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ലേഖനത്തില്‍, ഇന്ത്യയില്‍ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളം ഉണ്ടാക്കിയെടുത്തതാണ്. കമ്മി ബജറ്റിന് നല്‍കുന്ന കേന്ദ്ര വിഹിതവും ജി.എസ്.ടി കോപന്‍സേഷനും നിലയ്ക്കുന്നതോടെ ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കെത്തും.
അതിനിടയിലാണ് ധൂര്‍ത്ത്. സര്‍ക്കാരിന്റെ കട ബാധ്യത സംബന്ധിച്ചും കിട്ടാനുള്ള തുക സംബന്ധിച്ചും ധവള പത്രം ഇറക്കണം. ബാധ്യതകള്‍ മറിച്ച് വച്ചുകൊണ്ടാണ് ഒരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ കുറിച്ചല്ല പ്രതിപക്ഷം പറയുന്നത്. ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും എന്തിനാണ് എല്ലാ കാര്യങ്ങളിലും ഇത്രയും ധൂര്‍ത്ത് കാട്ടുന്നത്? തോമസ് ഐസക്കിന്റെ കാലം മുതല്‍ക്കെ ധനകാര്യ വകുപ്പിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
ഒന്നും ചെയ്യാന്‍ പറ്റാതെ ധനകാര്യ വകുപ്പ് നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യത്താത് കൊണ്ടാണോ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ ചികിത്സാ സഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ച് കൊണ്ട് പോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബി.ജെ.പിക്കില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ സി.പി.എം ഏറ്റെടുത്തിരിക്കയാണ്. എന്നാല്‍ അതിനുള്ള ശേഷി സി.പി.എമ്മിനും ഇല്ലെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നു. വയനാട്ടില്‍ മാര്‍ച്ച് നടത്തുമെന്ന് പറയുന്ന സി.പി.എം ആരോടാണ് പ്രതിഷേധിക്കുന്നത്? കറന്‍സി കടത്തിയെന്നും ബിരിയാണി ചെമ്പ് കൊണ്ട് വന്നെന്നും പ്രതിപക്ഷ നേതാവിനെതിരെ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും.
മൊത്തത്തില്‍ നോക്കുമ്പോള്‍ സി.പി.എമ്മിന് കിളി പറന്നു പോയോയെന്ന് സംശയമുണ്ട്. ഭീതിയുടെയും വെപ്രളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ സി.പി.എം എത്തിച്ചേര്‍ന്നിരിക്കുകയാണ്. 2019 ഒക്ടോബര്‍ 23-ന് പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ബഫര്‍ സോണ്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തു. ഇതേ തീരുമാനം സുപ്രീം കോടതി വിധിയായി വന്നപ്പോള്‍ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ കബളിപ്പിച്ചു. ജനങ്ങളെ ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുമോ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...