തിരുവനന്തപുരം: ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്? 


നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനമെന്ന് സതീശൻ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രാദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്. 


Also Read: Kerala weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില താഴ്ന്നു; ബുധനാഴ്ച വരെ പരക്കെ മ


 


പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 


സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.