കോട്ടയം: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മജിസ്ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനും വൈദികര്‍ നീക്കം നടത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികര്‍ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതൽ. അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.


കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്‍റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും, ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.


പരാതി സ്വീകരിച്ച സഭാ നേതൃത്വം, ആരോപണ വിധേയരായ അഞ്ച് വൈദികന്‍മാരെയും താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തു. എന്നാല്‍ ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ആദ്യം ഭദ്രാസന മെത്രോപ്പൊലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.  


സംഭവം ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്‍റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയായിരുന്നു. നാഗ്പൂര്‍ വൈദിക സെമിനാരി മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ. റെജി മാത്യു, അഭിഭാഷകരായ മാത്യു ജോണ്‍, പ്രദീപ് മാമന്‍ മാത്യു എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. 


ഇവര്‍ക്ക് മുമ്പില്‍ പരാതിക്കാരന്‍ തെളിവു നല്‍കിയിരുന്നു. വിവാഹ പൂര്‍വ്വ ബന്ധം കുംബസരിക്കുമ്പോള്‍ വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് യുവാവിന്‍റെ പരാതി.  ഇതിനിടെ പരാതി പൊലീസിന് നല്‍കാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. 


തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി. പൊലീസിന് നല്‍കിയ മൊഴി യുവതി മജിസ്ട്രേറ്റിനും മുന്നിലും ആവര്‍ത്തിച്ചതോടെ വൈദികരുടെ കുരുക്ക് മുറുകുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വൈദികരുടെ ഹര്‍ജി തള്ളിയതോടെയാണ് വൈദികരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.