തിരുവനന്തപുരത്ത് ഓക്സിജൻ ക്ഷാമം; താൽക്കാലികമായി പരിഹരിച്ചതായി അധികൃതർ
ഓക്സിജൻ സിലിണ്ടറുകൾ എത്താത്ത സാഹചര്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രോഗികൾ കൂടുതലായി എത്തുന്നതാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം റോയൽ എസ് യു ടി ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം. ഐസിയുവിൽ (ICU) കൊവിഡ് രോഗി അടക്കം ഒമ്പത് പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത് 46 രോഗികളാണ്. ഇവരിൽ കൂടുതൽ പേരും ഓക്സിജൻ (Oxygen) ബെഡ് ഉപയോഗിക്കുന്നവരാണ്. ഒമ്പത് രോഗികളാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഓക്സിജൻ സിലിണ്ടറുകൾ എത്താത്ത സാഹചര്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രോഗികൾ കൂടുതലായി എത്തുന്നതാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ കലക്ടർ ഇടപെട്ട് താൽക്കാലികമായി ഓക്സിജൻ ക്ഷാമം പരിഹരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഓക്സിജൻ (Oxygen) ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം കൂടി ലഭിച്ചാൽ വലിയ ഓക്സിജൻ ക്ഷാമം ഉണ്ടാകില്ല. കേരളത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മൂന്ന് പ്ലാന്റുകൾ കൂടി അനുവദിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പുതിയ പ്ലാന്റുകൾക്ക് അനുമതി നൽകിയത്.
ALSO READ: ഓക്സിജൻ പ്രതിസന്ധി; കേരളത്തിന് മൂന്ന് പ്ലാന്റുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് രാജ്യത്ത് അനുവദിച്ച 72 പുതിയ ഓക്സിജൻ പ്ലാന്റിൽ മൂന്നെണ്ണമാണ് കേരളത്തിന് ലഭിച്ചത്. ഈ മാസം 31ന് പ്ലാന്റുകൾ കമ്മീഷൻ ചെയ്യണമെന്നാണ് കേന്ദ്ര നിർദേശം. അതേസമയം, കേരളത്തിൽ ഓക്സിജന്റെ ആവശ്യകത വർധിക്കുന്നുവെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...