Padma Awards : നൂറാം വയസ്സിൽ പത്മശ്രീ പുരസ്കാരത്തിന്റെ നിറവിൽ വി പി അപ്പുക്കുട്ടൻ പൊതുവാൾ
Padma awards 2023 : ഖാദി പ്രചരണത്തിനായും ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായും ഏറ്റെടുത്ത പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് രാജ്യം അപ്പുക്കുട്ടൻ പൊതുവാളിനെ പത്മശ്രീ നൽകി ആദരിച്ചത്.
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി പി അപ്പുക്കുട്ടൻ പൊതുവാൾ നൂറാം വയസ്സിൽ പത്മശ്രീ പുരസ്കാരത്തിന്റെ നിറവിലാണ്. പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി അപ്പുക്കുട്ടൻ പൊതുവാൾ പറഞ്ഞു. ഖാദി പ്രചരണത്തിനായും ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായും ഏറ്റെടുത്ത പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് രാജ്യം അപ്പുക്കുട്ടൻ പൊതുവാളിനെ പത്മശ്രീ നൽകി ആദരിച്ചത്.
ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് വി.പി.അപ്പുക്കുട്ട പൊതുവാളിന്റേത്. പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബർ 9നായിരുന്നു അപ്പുക്കുട്ട പൊതുവാളിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, ഖാദി പ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നാണ് അദ്ദേഹം പറയുന്നത്.
1930 ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടു കണ്ടത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942 ൽ വിപി ശ്രീകണ്ഠ പൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം സമരരംഗത്ത് സജീവമായത്. സമര സമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. പ്രവർത്തനങ്ങളെ തുടർന്ന് 1943 ൽ അദ്ദേഹം അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയക്കുകയായിരുന്നു.
1944ൽ അദ്ദേഹം അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു. 1957 ൽ കെ.കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...