തിരുവനന്തപുരം: വി പി.നാരായണക്കുറുപ്പിന് പത്മശ്രീ പുരസ്കാരം പേരൂർക്കടയിലെ ഇന്ദിരാ നഗറിലുള്ള വീട്ടിലെത്തി ചീഫ് സെക്രട്ടറി വി.പി. ജോയ് കൈമാറി.  മലയാള ഭാഷയെ സ്നേഹിക്കുകയും സാഹിത്യത്തിന് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാനാണ് കവി പി.നാരായണക്കുറുപ്പെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു. 88-ാമത്തെ വയസ്സിലാണ് പി.നാരായണക്കുറുപ്പിനെ തേടി പത്മശ്രീ എത്തുന്നത്. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശിഷ്ടമായ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പി. നാരായണക്കുറുപ്പ് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കവിതയിലും നിരൂപണത്തിലുമുള്ള സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് കവി പി.നാരായണക്കുറുപ്പിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ആരോഗ്യപരമായ തടസ്സങ്ങൾ മൂലം നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കവിക്ക് പേരൂർക്കട ഇന്ദിരാനഗറിലുള്ള വീട്ടിലെത്തിയാണ് ചീഫ് സെക്രട്ടറി പുരസ്കാരം സമ്മാനിച്ചത്. കവിയുമായും അദ്ദേഹത്തിൻ്റെ കുടുംബവുമായും ദീർഘനേരം സംസാരിച്ച ശേഷമാണ് ചീഫ് സെക്രട്ടറി പുരസ്കാരം കൈമാറിയത്.



പുരസ്കാര ലബ്ധിയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ പി നാരായണകുറുപ്പ് ലഭിച്ചത് വിശിഷ്ടമായ അംഗീകാരമാണെന്ന് പത്മശ്രീ ഏറ്റുവാങ്ങിയശേഷം പ്രതികരിച്ചു. സ്വന്തം നാട്ടുകാരെയും വീട്ടുകാരെയും മറന്നിട്ടില്ലെന്നും പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 


സാഹിത്യരംഗത്തെ തൻ്റെ ഇടപെടലുകൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞാൽ അതിൽപരം ധന്യത വേറെ എന്തുണ്ടെന്ന് കവി ചോദിച്ചു. സാഹിത്യത്തിനും കലയ്ക്കും വേണ്ടി ചിലവാക്കിയ സമയം വളരെ പ്രധാനമാണെന്നും കവി ഓർമിപ്പിച്ചു. എഴുത്തിലൂടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച സാഹിത്യകാരനാണ് പി.നാരായണക്കുറുപ്പ്.



മലയാള സാഹിത്യ മേഖലയിൽ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ഒരുപാട് കവിതകൾ സമ്മാനിച്ച കവിയാണ് പി നാരായണ കുറുപ്പ്. 1934, സെപ്റ്റംബർ 5 ന് ഹരിപ്പാടാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ അദ്ദേഹം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. സെൻട്രൽ മിനിസ്ട്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്.


സർഗ്ഗസുന്ദരമായ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥാനം നേടിയ അദ്ദേഹം, ആക്ഷേപഹാസ്യം, നിരൂപണം, യാത്രാകുറുപ്പുകൾ എന്നീ വിഭാഗങ്ങളിൽ ഉള്ളപ്പെടുന്ന രചനകളും രചിച്ചിട്ടുണ്ട്. കേന്ദ്ര സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തപസ്യ എന്ന സാഹിത്യ കൂട്ടായ്മയിലും, മാർഗി എന്ന സംഘടനയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


 



1986 മുതൽ 1992 വരെയുള്ള കാലഘട്ടത്തിൽ കേരളം കലാമണ്ഡലത്തിലെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെയും തിരുവനന്തപുരത്തെയും ദൂരദർശൻ കേന്ദ്രത്തിലെ ജഡ്ജിങ് കമ്മിറ്റിയിൽ അദ്ദേഹം അംഗമാണ്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകൾ കവിതകളിലൂടെ അവതരിപ്പിച്ച അദ്ദേഹത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.


 കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വള്ളത്തോൾ പുരസ്ക്കാരം, ഉള്ളൂർ അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ ഒക്കെ അദ്ദേഹത്തെ തേടി ഇതിനോടകം എത്തിയിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ് രണ്ട് തവണ അദ്ദേഹം സ്വന്തമാക്കിയിരുന്നു.


അസ്ത്രമാല്യം, കുറുംകവിത, അപൂർണതയുടെ സൗന്ദര്യം, നാറാണത്ത്‌ കവിത, ഹംസ ധ്വനി എന്നിവയാണ് അദ്ദേഹത്തിന്റ വളരെ പ്രശസ്തി നേടിയ കവിതകളിൽ ചിലത്. കൂടാതെ നിരൂപണ വിഭാഗത്തിൽ സമ്പൂർണ വിപ്ലവം, ബ്ലാക്ക് മണി, ഉണ്ണായി വാരിയർ, കവിയും കവിതയും, തിരനോട്ടം എന്നീ കൃതികളും അദ്ദേഹത്തിൻറെ സ്വന്തമായിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.