പാലാ: പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 17% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക ബൂത്തുകളിലും നീണ്ട നിരയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ടുമണിക്കൂറില്‍ പത്തു ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാലായിലെ സെന്‍റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി കെ.എം മാണിയുടെ കുടുംബം വോട്ട് ചെയ്തു. 


ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ.എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. 


യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് നേരത്തെ കുട്ടിയമ്മ പ്രതികരിച്ചിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിലെ 119 മത്തെ ബൂത്തില്‍ ആദ്യവോട്ടറായി വോട്ട് രേഖപ്പെടുത്തി.


ഭാര്യയും മക്കളും അദ്ദേഹത്തിനോടൊപ്പം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.


ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 87,729 പുരുഷന്മാരും 91,378 സ്ത്രീകളും ഉള്‍പ്പെടുന്നു. 


മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥിയായും ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുതലാണ്.


1965 മുതല്‍ 13 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.