പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന. പോലീസിന്റെ പരിശോധനയെ തുടർന്ന് ഹോട്ടലിലും പുറത്തും സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. സ്ഥലത്ത് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിനായി കോൺ​ഗ്രസ് അനധികൃത പണം എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായ പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരശോധന നടത്തിയത്.


ALSO READ: 'അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല'; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണം


കോൺ​ഗ്രസ് നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. കോൺ​ഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ മുറികളിൽ പോലീസ് പരിശോധന നടത്തി. വനിതാ പോലീസ് ഇല്ലാതെ മുറിയിൽ പരിശോധന നടത്താനാകില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് എഴുതി നൽകാൻ പോലീസ് തയ്യാറായില്ല. ഇതോടെ കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.


പരിശോധന സിപിഎമ്മിന്റെ തിരക്കഥയാണെന്നും നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ മുറിയിലും പോലീസ് പരിശോധന നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനായി ഹോട്ടലിലേക്ക് ബാ​ഗിൽ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നുമായിരുന്നു സിപിഎം പ്രവർത്തകരുടെ ആവശ്യം.


ALSO READ: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്


അതേസയമം, തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള പതിവ് പരിശോധനയാണെന്നാണ് പാലക്കാട് എസിപി വ്യക്തമാക്കിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എസിപി അശ്വതി ജിജി വ്യക്തമാക്കി. സാധാരണ പതിവ് പരിശോധനയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അല്ലെന്നുമാണ് എസിപി വ്യക്തമാക്കുന്നത്.


തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി എല്ലാ ആഴ്ചയും നടക്കുന്ന പരിശോധനയാണിത്. വനിതാ പോലീസ് എപ്പോഴും ഉണ്ടാകണമെന്നില്ല. വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാനാകില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചിട്ടില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് ഒപ്പമുള്ളപ്പോഴാണ്. ഈ ഹോട്ടലിൽ മാത്രമല്ല, പല ഹോട്ടലുകളിലും കഴിഞ്ഞ ആഴ്ചകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നുവെന്നും എസിപി വ്യക്തമാക്കി. കള്ളപ്പണമുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടില്ലെന്നും എസിപി അശ്വിനി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.