Palakkad Political Murder : പാലക്കാട്ടെ RSS പ്രവർത്തകന്റെ കൊലപാതകം NIA അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ
SDPI നടത്തുന്ന കൊലപാതകങ്ങളിൽ ഗവർണറുടെ ഇടപെടൽ തേടി ഗവർണർ ആരിഫ് ഖാനെ രാജ്ഭവനിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
Thiruvananthapuram : പാലക്കാട്ടെ RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് കേസ് എൻഐഎക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. SDPI നടത്തുന്ന കൊലപാതകങ്ങളിൽ ഗവർണറുടെ ഇടപെടൽ തേടി ഗവർണർ ആരിഫ് ഖാനെ രാജ്ഭവനിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
10 ദിവസത്തിനിടെ രണ്ട് RSS പ്രവർത്തകരെയാണ് SDPI തീവ്രവാദികൾ കൊല ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അവർ പ്രതികളായ കേസുകൾ എൻഐഎക്ക് കൈമാറണമെന്ന് BJP ഗവർണറോട് ആവശ്യപ്പെട്ടു. കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിക്കാൻ നേരിൽ കാണുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതികൾ പരിശീലനം ലഭിച്ചവരാണെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു. 2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം SDPI ക്രിമിനൽ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ALSO READ : Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐയുടെ പേര് പറയാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. സംസ്ഥാനത്തെ പൊലീസ് പക്ഷപാതിത്വപരമായാണ് പെരുമാറുന്നത്. ബാംഗ്ലൂരിലും മറ്റും നടന്ന കൊലപാതകങ്ങൾക്ക് സമാനമായ രീതിയിലാണ് പാലക്കാട്ടെയും കൊലപാതകം.
ALSO READ : Palakkad Political Murder : പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ ഹർത്താൽ
SFI നേതാവ് അഭിമന്യുവിന്റെ ഉൾപ്പെടെ 10 കൊലപാതകങ്ങൾ സമീപകാലത്ത് SDPI നടത്തിയിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. മുഖ്യമന്ത്രി രാഷ്ട്രീയമായി എസ്ഡിപിഐയെ സഹായിക്കുകയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത സ്ഥലമായ ഷൊർണ്ണൂർ നഗരസഭയിൽ SDPI പിന്തുണയ്ക്കുന്നത് സിപിഎമ്മിനെയാണ്. സംഭവത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...