അവഹേളിച്ച് ഒഴിവാക്കിയാലൊന്നും തൻെറ കരുത്ത് ചോർന്നുപോകില്ലെന്ന് ഗായകൻ പന്തളം ബാലൻ. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഒഴിവാക്കിയ 'പറവ പാടണ കണ്ടാരേ...' എന്ന ഗാനം ഇപ്പോൾ പുറത്തുവിട്ടത് ആരാണെന്നറിയില്ല. അതേസമയം പാട്ട് ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. വെട്ടിമാറ്റിയവർക്കും തന്നിലെ കലാകാരനെ അവഹേളിച്ചവർക്കുമുളള മറുപടിയാണത്. സംഗീതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ ചുവടുവയ്ക്കാൻ ആലോചിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് തിരുവനന്തപുരത്ത് സീറ്റ് ലഭിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചതിനാൽ മത്സരിക്കാനായില്ലെന്നും പന്തളം ബാലൻ വെളിപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധായകനും സംഗീതസംവിധായകനും നൽകിയ വലിയ പ്രതീക്ഷയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്ന് തൻെറ പാട്ട് ഒഴിവാക്കിയപ്പോൾ നിരാശയുണ്ടാകാൻ കാരണമെന്ന് പന്തളം ബാലൻ പറ‍ഞ്ഞു.  മലയാളി ഓർത്തുവയ്ക്കുന്ന ഒരു പാട്ട് തൻെറ പേരിൽ ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. സിനിമയിൽ നിന്ന് പാട്ട് ഒഴിവാക്കുന്നത് ആദ്യ സംഭവമല്ലല്ലോ എന്നാണ് പലരും ചോദിച്ചത്. യേശുദാസിൻെറയോ ചിത്രയുടെയോ പാട്ട് ഒഴിവാക്കിയാൽ അവർക്ക് മറ്റ് ആയിരം പാട്ടുകളുണ്ട്. തനിക്ക് അങ്ങനെയൊന്നില്ല എന്നതാണ് വേദനയ്ക്ക് കാരണമെന്നും പന്തളം ബാലൻ സീ മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  



ജി ദേവരാജൻ മാസ്റ്റർ തന്നെക്കൊണ്ട് പാടിച്ച പാട്ടും ചിത്രവും പുറത്തിറങ്ങിയില്ല. രവീന്ദ്രൻ മാസ്റ്റർ പാടിച്ച പകൽപ്പൂരത്തിലെ ടൈറ്റിൽ സോംഗിൽ അവർ തൻെറ പേരു വച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ പാട്ട് സിനിമയിലേയില്ല. ദേവരാജൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും പാടിച്ച തന്നെ സിനിമിയിൽ പാടിക്കാതെ പലരും ഒഴിവാക്കിയത് എന്തുകൊണ്ടായിരിക്കുമെന്നും പന്തളം ബാലൻ ചോദിക്കുന്നു. പാട്ടൊഴിവാക്കിയ കാര്യം സംവിധായകൻ വിനയൻ തന്നെ അറിയിച്ചില്ല. അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. ഒരു വോയ്സ് മെസ്സേജാണ് മറുപടിയായി വന്നത്. അദ്ദേഹം പിന്നീട് വിളിച്ചിട്ടേയില്ല. സംഗീത സംവിധായകനും സുഹൃത്തുമായ എം ജയചന്ദ്രനെ താൻ അങ്ങോട്ടുവിളിക്കുകയാണ് ഉണ്ടായത്. അദ്ദേഹം സ്വന്തം പാട്ട് എന്ന നിലയിൽ എവിടെയും ഈ പാട്ട് പോസ്റ്റ് ചെയ്തിട്ടില്ല.


തന്നെ നിസ്സാരവത്കരിച്ചു എന്നതാണ് വേദനയുണ്ടാക്കിയത്. വലിയ നിരാശയുണ്ട്. കലാകാരനെ ഇങ്ങനെയല്ല ട്രീറ്റ് ചെയ്യേണ്ടത്. ഇത് അപമാനിക്കലാണ്. ഗാനമേളപ്പാട്ടുകാരനല്ലേ, അയാളോട് ഇങ്ങനെ മതിയെന്നാണ് അവരുടെ ചിന്ത. ബേണി ഇഗ്നേഷ്യസും പണ്ഡിറ്റ് എന്നറിയപ്പെടുന്ന തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീതസംവിധായകനും തന്നെ അപമാനിച്ചിട്ടുണ്ട്. ചിലർ പാട്ടുപാടിക്കാൻ വിളിച്ച് സ്റ്റുഡിയോയിൽ നിർത്തി അപമാനിച്ചു. ജി ദേവരാജൻ മാസ്റ്റർക്ക് ജാതിയും മതവും നിറവുമായിരുന്നില്ല വിഷയം. സംഗീതമായിരുന്നു. അദ്ദേഹത്തിൻെറ ശിഷ്യനായ താനും ആ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും പന്തളം ബാലൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.