കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നമായ രണ്ടില ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) ചെയര്‍മാന്‍ ജോസ് കെ. മാണി. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്നും ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത വേളയില്‍ അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

54 വര്‍ഷം പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയ കെ.എം.മാണിയെ മറന്നുള്ള പോക്കാണ് 'ജെ' വിഭാഗം നടത്തിയത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് 'ജെ' യാക്കി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് എതിര്‍ത്തത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പോകുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. വര്‍ക്കി൦ഗ് ചെയര്‍മാന്‍ ആരും അറിയാതെയാണ് ആക്ടി൦ഗ് ചെയര്‍മാനായത്. വര്‍ക്കി൦ഗ് ചെയര്‍മാനും ആക്ടി൦ഗ്  ചെയര്‍മാനും എന്താണ് അധികാരമെന്ന് ഭരണഘടനയില്‍ ഒരിടത്തും കാണുന്നില്ല. അതിനാല്‍ യഥാര്‍ഥ പാര്‍ട്ടി തങ്ങളാണ്. രണ്ടില ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, പുറത്തുപോയവര്‍ക്ക് 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ആകില്ല, അദ്ദേഹം പറഞ്ഞു.


കേന്ദ്ര ബജറ്റ് സോപ്പുപത പോലെയാണ്. കേരളം എന്ന സംസ്ഥാനം ഉണ്ടെന്നു പോലും അതിൽ അറിയില്ല എന്നും ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ട രോഗികളോടുളള കടുത്ത ദ്രോഹമാണ്. ഇതിനെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.