തെരുവുനായ ആക്രമണം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് പന്ത്രണ്ടുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി
അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു.
പത്തനംതിട്ട: നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതവസ്ഥയിൽ കഴിയുന്ന 12കാരിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് ഗുരുതരവസ്ഥയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്
രണ്ട് ആഴ്ച മുൻപാണ് അഭിരാമിയെ പട്ടി കടിച്ചത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇന്നലെ വൈകീട്ടോടെ കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തെരുവ് നായ വന്ധ്യംകരണം അടുത്ത ആഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. 30 കേന്ദ്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനുള്ള നടപടികളും ആരംഭിച്ചു. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടുന്നതിനുള്ള പ്രതിഫലം 200 രൂപയിൽ നിന്ന് 300 രൂപയായി തദ്ദേശ വകുപ്പ് വർധിപ്പിച്ചു. ജില്ലാതലത്തിൽ അപേക്ഷ ക്ഷണിച്ച് താൽപര്യമുള്ളവരെ എംപാനൽ ചെയ്ത് പരിശീലനം നൽകാനാണ് തീരുമാനം.
എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി തദ്ദേശ–മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കുകൾക്ക് കീഴിൽ ഒരു ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം എന്ന തോതിൽ നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി കുറഞ്ഞത് 150 പട്ടിപിടിത്തക്കാരുടെ സേവനം ആവശ്യമാണ്. എല്ലാ കോർപറേഷനുകളിലും ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് ആരംഭിക്കും. മുനിസിപ്പാലിറ്റികൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം ആരംഭിക്കണം.
സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2017 മുതൽ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്നാണ് കുടുംബശ്രീ മുഖേനയുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്. വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഒന്നിന് തുടങ്ങി 15 വരെ തുടരും. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്താലേ വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...