മരുന്ന് മാറി കഴിച്ച സംഭവം; രോഗിയുടെ നില അതീവ ഗുരുതരം
ഡോക്ടർ നിർദേശിച്ച മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്നും മാറിനൽകിയതാണ് നില ഗുരുതരമാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ച രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചാലക്കുടി പോട്ട സ്വദേശി അമലിനെയാണ് മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽ അസുഖം ഭേദമായതിനാൽ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്. ഡോക്ടർ നിർദേശിച്ച മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്നും മാറിനൽകിയതാണ് നില ഗുരുതരമാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ബൈക്ക് അപകടത്തെത്തുടർന്ന് കൈകാലുകൾ ഒടിഞ്ഞ് ഒരു മാസമായി അമൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്റിങ് തൊഴിലാളിയായ അമൽ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങുന്ന ദിവസമാണ് മരുന്ന് മാറി കഴിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതെന്നാണ് ആരോപണം.
ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെയാണ് അമലിന്റെ ശരീരത്തിൽ തടിപ്പ് ഉണ്ടാകുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും തൊട്ടടുത്ത ദിവസം അപസ്മാരവും ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു.
അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ അമലിനെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കുറിപ്പിലെ എഴുത്ത് മനസ്സിലായില്ലെന്ന കാരണം ഉന്നയിച്ച് മരുന്നു കുറിച്ച ഡോക്ടറിൽ കുറ്റംചുമത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ന്യായവില മെഡിക്കൽ ഷോപ്പ് അധികൃതരെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ സിറപ്പ് കഴിച്ചിട്ടല്ല രോഗിയുടെ നില വഷളായതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയെന്നും രോഗിയെ വാർഡിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...