പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. 
സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല. 
വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് കേസിൽ ഹൈക്കോടതി വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും 
ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് 
സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും 
ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസിൽ വിധി പറഞ്ഞിരുന്നില്ല.


ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാ‍ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ 
ബന്ധുക്കൾ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ തിങ്കളാഴ്ച പുതിയ ഹർജി നൽകി. 
ഇതിന് തൊട്ടു പിന്നാലെയാണ് കേസിൽ ചൊവാഴ്ച്ച  വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചത്.


സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. 
കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിക്ക് വിട്ടത്. 
അന്വേഷണ സംഘത്തെ നിശിതമായി വിമർശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 


Also Read:കൊച്ചി കൂട്ടബലാത്സംഗം: പെണ്‍കുട്ടി ഗര്‍ഭിണി, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍



ഒക്ടോബർ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 
ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകരെയും സർക്കാർ രംഗത്തിറക്കിയിരുന്നു.
അതുകൊണ്ട് തന്നെ ഹൈക്കോടതി നടപടി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.
രാഷ്ട്രീയമായി സിപിഎമ്മിനേയും ഹൈക്കോടതി നടപടി പ്രതിരോധത്തിലാക്കും.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരാണ് പ്രതിപട്ടികയില്‍ ഉള്ളത് എന്നത് കൊണ്ട് തന്നെ സിപിഎം 
ഈ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.