Peruvanam Kuttan Marar: തൃശ്ശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്ത് നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി; തീരുമാനം അംഗീകരിക്കുന്നുവെന്ന് കുട്ടൻ മാരാർ
Thrissur Pooram: തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിവച്ചത്. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ മേളത്തിന് പെരുവനം അദ്ദേഹത്തിന്റെ മകനെ ഒപ്പം കൂട്ടിയിരുന്നു. മകനെ പെരുവനം മേളയുടെ മുൻനിരയിൽ നിർത്തി. എന്നാൽ ദേവസ്വം പട്ടികയിൽ മകന്റെ പേരുണ്ടായിരുന്നില്ല. ദേവസ്വം അധികൃതർ ഇടപെട്ട് ഇദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റി.
തുടർന്ന് പെരുവനം കുട്ടൻമാരാർ ചെണ്ട താഴെ വെക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി. എന്നാൽ ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്തിയുണ്ടായി. തുടർന്നാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നത്. എന്നാൽ, മേളത്തിന് മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണമെന്ന് പെരുവനം പ്രതികരിച്ചു. മകനെ കൊട്ടിച്ചത് ദേവസ്വമാണ്. മകനെ കൊട്ടിച്ചതിനാണ് മാറ്റമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ വർഷം മകനെ മേളത്തിന്റെ നിരയിൽ എത്തിച്ചത് ദേവസ്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...