ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്‍ നടത്തിയ  തിരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ്  കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.


തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയത്. റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചില്‍.  എന്‍ ഡിആര്‍എഫ്,  ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.


ദുരന്തത്തില്‍ അകപ്പെട്ട 5 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.  അവസാനയാളെ വരെ കണ്ടെത്തും വരെ പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 


Also read: പെട്ടിമുടി ഉരുള്‍പൊട്ടല്‍: ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56



വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ പെട്ടിമുടിയില്‍ ഉണ്ട്. മഴ മാറി നിന്നത് തിരച്ചില്‍ ജോലികള്‍ക്ക് അനുകൂല ഘടകമായി. നിലവില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നദിയിലാണ് തെരച്ചില്‍ നടത്തുന്നത്. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. 


12 പേരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്ന് തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്.