ന്യൂഡൽഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. പദ്ധതിയിൽ ആശങ്കയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വെള്ളത്തിൻെറ ഒഴുക്ക് തടസ്സപ്പെടുത്താത്ത തരത്തിലുള്ള പദ്ധതിയാണ് മേഖലയിൽ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യം എൽ.ഡി.എഫ് ചർച്ച ചെയ്തതാണ്. വിഷയത്തിൽ സമരസമിതി പ്രവർത്തകരുമായി സർക്കാർ ചർച്ച നടത്തുമെന്നും പിണറായി അറിയിച്ചു.നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതില്‍ മാത്രമാണ് ആശങ്കയെന്നും പിണറായി വിജയന്‍ പറഞ്ഞു.മന്ത്രിമാർ അതത് വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് തടസ്സപ്പെടുത്താനാകില്ലെന്നും ഇക്കാര്യത്തിൽ തന്‍റെ അഭിപ്രായം മന്ത്രിമാരോട് പറയുമെന്നും പിണറായി വ്യക്തമാക്കി.


അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുകൂലമായി വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കടകംപള്ളിയുടെ നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യാതെ മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്നാണ് കാനം പറഞ്ഞത്. ഇതിനുള്ള മറുപടി കൂടിയായിരുന്നു പിണറായി വിജയന്റെ അതിരപ്പിള്ളി പദ്ധതിയിലെ നിലപാട്. മന്ത്രിസഭയില്‍ പറയേണ്ടത് മന്ത്രിസഭയിലും എല്‍ഡിഎഫില്‍ പറയേണ്ടത് എല്‍ഡിഎഫിലും പറയുമെന്ന് പിണറായി പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വകുപ്പുകളെ കുറിച്ച് പ്രസ്താവന നടത്തുന്നതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.