ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു: പിണറായി വിജയന്‍
സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്നും പറഞ്ഞു.
തിരുവന്തപുരം: ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുന്നോട്ട് പോക്ക് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്നും പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നു പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നും അതുകൊണ്ട്തന്നെ പൊലീസ് കരുതലോടെയാണു നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുവേണ്ടി ജനങ്ങളുടെ സഹകരണവും വേണമെന്നും ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഹർത്താൽ ചർച്ച ചെയ്യണമെന്നു നിയമസഭയിൽ ആവശ്യമുയർന്നു.
രാഷ്ട്രീയ പാർട്ടികളുടെ മിന്നൽ ഹർത്താലുകളിൽ ഏറെ ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തിൽ എട്ട് ഹർത്താലുകൾ പ്രഖ്യാപിച്ചതു ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
ഹർത്താൽ നിയന്ത്രണ ബിൽ സഭയില്‍ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തയാറാകുമോ?. ഇതിനു മുഖ്യമന്ത്രി തയാറാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ സമവായം നടത്താനാകുമോയെന്നു പുറത്തു ചർച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി മറുപടി നൽകി.