Vande Bharat Train: വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് നീതികരിക്കാനാകില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
Vande Bharat Train Service In Kerala: രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് നീതികരിക്കാനാവാത്തതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് തിരൂരിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതൽ വരുമാനം കിട്ടുന്ന, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ് അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപെടുത്തുകയും പിന്നീട് എടുത്ത് മാറ്റുകയും ചെയ്തതിന്റെ സാങ്കേതികത്വം മനസ്സിലാകുന്നില്ല. അത് കൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്. മുസ്ലിം ലീഗ് പാർട്ടി ഈ അവകാശ സമര പോരാട്ടത്തിന്റെ മുന്നിൽ തന്നെ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി, സംസ്ഥാന-ജില്ലാ ഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...