കവിയും ഗാനരചയിതാവുമായ S Ramesan Nair അന്തരിച്ചു
കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപ് കൊവിഡ് നെഗറ്റീവായിരുന്നു
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ (S Ramesan Nair) അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപ് കൊവിഡ് (Covid 19) നെഗറ്റീവായിരുന്നു.
ഭക്തിഗാനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. തിരുക്കുറൽ, ചിലപ്പതികാരം എന്നിവ മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.
2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (Kendra Sahitya Akademi Award) ലഭിച്ചിട്ടുണ്ട്. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, ആറാം വെണ്ണിക്കുളം സ്മാരക പുസ്കാരം, ആശാൻ പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമാതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തൃശൂർ വിവേകോദയം സ്കൂൾ റിട്ടയേഡ് അധ്യാപികയും (Teacher) എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. സംഗീത സംവിധായകൻ മനു രമേശൻ ഏക മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...