കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ്, പള്‍സര്‍ സുനിയെ കുറിച്ച്  തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് മേധാവി ലോക്നാഥ്‌ ബഹ്റ. നടൻ ദിലീപും പൊലീസും പറയുന്നത് ശരിയാണെന്ന്‍ സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആരു പറയുന്നതാണു കൂടുതൽ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ അതു കോടതിയലക്ഷ്യമാകും. അതെ കുറിച്ചുള്ള വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നാണ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ തട്ടിക്കൊണ്ടുപോയ സുനിൽ കുമാർ എന്ന പൾസർ സുനി തനിക്കു ജയിലിൽ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്‍റെ വാദം.


"ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ സംശയം തോന്നിയാൽ പലതും കൂടുതൽ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്..." ബഹ്റ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ബെഹ്റ വ്യക്തമാക്കി.