പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങള്‍ പൊലീസ് നിരീക്ഷണത്തിൽ; സൈബർ പട്രോളിങ്ങിനും ഡിജിപിയുടെ നിർദ്ദേശം
സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവക്ക് ഡിജിപി നിർദ്ദേശം നൽകി
തിരുവനന്തപുരം: പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ഡിജിപി അനിൽകാന്ത്. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കിയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വിവിധ സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവക്ക് ഡിജിപി നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണവും അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്താൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി ജാഗ്രത മുൻകരുതലുകൾ കടുപ്പിക്കാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാർക്ക് ഇതുസംബന്ധിച്ച സന്ദേശം സംസ്ഥാന പോലീസ് മേധാവി കൈമാറി. പാലക്കാട് കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങളെയും പോലീസ് നിയോഗിച്ചിട്ടുണ്ട്. ഉത്തരമേഖലാ ഐജി അശോക് യാദവ് പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണം പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവിധ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പോപ്പുലർഫ്രണ്ട് നേതാവ് സുബൈറും, അതു കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസും കൊല്ലപ്പെടുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട്ടെത്തി അന്വേഷണം മേൽനോട്ടം ഏകോപിപ്പിക്കും. സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. നിലവിലെ മൂന്ന് കമ്പനി പോലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പോലീസിനെ കൂടി അധികമായി പാലക്കാട് നിയോഗിച്ചിട്ടുണ്ട്. അതേസമയം സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...