സംസ്ഥാനത്ത് ഇതാദ്യം; പൊലീസ് ഉദ്യോഗസ്ഥൻ കോറോണ ബാധിച്ച് മരണമടഞ്ഞു
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇടുക്കിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്പിയെ രോഗം ഗുരുതരമായത്തോടെ ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്.
കോട്ടയം: കോറോണ രോഗബാധയെ തുടർന്ന് ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് എസ്പി അജിതൻ ആണ് മരണമടഞ്ഞത്. അൻപത്തിയഞ്ച് വയസ്സായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോറോണ ബാധിച്ച് മരിക്കുന്നത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also read: സംസ്ഥാനത്ത് 85 പോലീസുകാര്‍ക്ക് കോവിഡ്...
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇടുക്കിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്പിയെ രോഗം ഗുരുതരമായത്തോടെ ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഭാര്യയിൽ നിന്നുമാണ് കോറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് സൂചന. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്മ ചികിത്സവരെ അദ്ദേഹത്തിന് നൽകിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് നിലവിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കുമിടയിലെ കോറോണ വ്യാപനം ആശങ്ക ഉണ്ടാക്കുന്നുണ്ട്.