കെ സുധാകരൻ അഭിമുഖ സംഭാഷണത്തിനിടെ നടത്തിയ ബ്രണ്ണൻ കോളജ് ഓർമ്മകൾ കേരള രാഷ്ട്രീയത്തിലെ വിവാദ വിഷയങ്ങളെയെല്ലാം പിന്തള്ളി ഭരണജ-പ്രതിപക്ഷ ചർച്ചയായി മാറിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയും മുഖ്യമന്ത്രിയുടെ മറുപടിയും ഏറ്റുപിടിച്ച് കോൺ​ഗ്രസ്-സിപിഎം നേതാക്കൾ രം​ഗത്തെത്തിയതോടെ ഭരണ-പ്രതിപക്ഷ ചർച്ചകൾ ബ്രണ്ണൻ കോളജിലേക്ക് ചുരുങ്ങി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തി മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി നിലവാരം മറന്ന് സംസാരിക്കരുതെന്ന ഉപദേശവുമായി രം​ഗത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടത്തിയത് സിപിഎം നിർദേശപ്രകാരമുള്ള മറുപടികളാണെന്നും വിലയിരുത്തലുണ്ട്. പാർട്ടിക്കും സർക്കാരിനും എതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ തന്നെയാണ് സിപിഎം തീരുമാനം. വിമർശനങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നത് വഴി ജനങ്ങളുടെ മനസ്സിൽ സംശയത്തിന് ഇട നൽകരുത്. വ്യക്തിപരമായ ആക്ഷേപങ്ങളോടും വിട്ടുവീഴ്ച വേണ്ടെന്നാണ് പാർട്ടി തീരുമാനം. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകണമെന്ന രീതിയിൽ തന്നൊയാണ് നിലവിൽ പാർട്ടി മുന്നോട്ട് പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


എ വിജയരാഘവൻ: കഴിഞ്ഞ കുറച്ച് ദിവസമായി കെപിസിസി അധ്യക്ഷന്റെ വികടഭാഷണങ്ങൽ കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ ആ സ്ഥാനത്തേക്ക് വ‌രുമ്പോൾ തന്നെ കോൺ​ഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ആ ക്രിമിനൽ സ്വഭാവത്തിലേക്ക് ഉള്ള മാറ്റത്തിന്റെ ഭാ​ഗമായുള്ള വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇത് കേരളം കാത്ത് സൂക്ഷിച്ച് പോരുന്ന മഹനീയമായ രാഷ്ട്രീയ സ്വഭാവ രീതികളുടെ നേരെ എതിരായ പ്രവർത്തന രീതിയാണ്. തെരുവ് ​ഗുണ്ടയുടെ ഭാഷയിൽ കെപിസിസി അധ്യക്ഷൻ സംസാരിക്കുന്നത് ആ പാർട്ടിക്ക് ​ഗുണം ചെയ്യുമോയെന്ന് അവരാണ് പരിശോധിക്കേണ്ടത്. അദ്ദേഹത്തെ കെപിസിസി അധ്യക്ഷനായി നിയമിച്ചവരും ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടതാണ്. ഏതായാലും കേരളത്തിലെ ജനങ്ങളാരും ഇതിനെ പിന്തുണയ്ക്കില്ല എന്നത് ഉറപ്പാണ്. തെരുവ് ​ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമ്പോൾ ചവിട്ടി വീഴ്ത്തി എന്നൊക്കെ പറയും. അതൊരു തെരുവ് ​ഗുണ്ടയുടെ ഭാഷയാണ് രാഷ്ട്രീയ നേതാവിന്റെ ഭാഷയല്ല.


രമേശ് ചെന്നിത്തല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വൈകിട്ട് ജനങ്ങൾ കാണുന്നത് കൊവിഡിന്റെ വിവരങ്ങൾ അറിയാൻ വേണ്ടിയിട്ടാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ​കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം ഉണ്ടാകണം. ആ നിലവാരത്തകർച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരായിട്ട് 26 മിനിറ്റ് പിണറായി വിജയൻ നടത്തിയ പത്ര സമ്മേളനം തെളിയിക്കുന്നത്. വാസ്തവത്തിൽ കൊവിഡിന് വേണ്ടി നടത്തുന്ന പത്രസമ്മേളനങ്ങളിൽ ഇതുപോലുള്ള വിവാദ വിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. പലപ്പോഴും പിണറായി വിജയൻ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഈ പത്രസമ്മേളനങ്ങൾ ദുരുപയോ​ഗം ചെയ്തിട്ടുണ്ട്. ഇന്നലെ എല്ലാ സീമകളെയും അതിലംഘിച്ചുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയത്. വാസ്തവത്തിൽ ഒരു മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്ന നടപടിയാണോ ഇതെന്ന് അദ്ദേഹം ചിന്തിക്കണം. ഇനിയെങ്കിലും അദ്ദേഹം സമചിത്തതയുടെ പാതയാണ് സ്വീകരിക്കേണ്ടത്. കാരണം അദ്ദേഹം ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസ്സിലാക്കിക്കൊണ്ടായിരിക്കണം അദ്ദേഹം സംസാരിക്കേണ്ടത്. ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


എകെ ബാലൻ: വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സിഎച്ച് മുഹമ്മദ് കോയ ബ്രണ്ണൻ കോളജിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ കരിങ്കൊടി കാണിച്ചും ചെരിപ്പ് എറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ് കെപിസിസി പ്രഡിന്റ് കെ സുധാകരന്റേത്. അന്ന് സിഎച്ചിന് പിന്തുണയുമായി ചടങ്ങ് നടത്താൻ മുന്നിൽ നിന്നവരാണ് ഞങ്ങൾ. ബ്രണ്ണൻ കോളജിൽ ഞാൻ കെ എസ് എഫിന്റെയും സുധാകരൻ കെ എസ് യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു. പിന്നീട് സുധാകരൻ കോൺ​ഗ്രസ് വിദ്യാർഥി സംഘടനയായ എൻ എസ് ഒ നേതാവായി. മമ്പറം ദിവാകരൻ കെ എസ് യുവിന്റെയും ഞാൻ എസ് എഫ് ഐയുടെയും സുധാകരൻ എൻ എസ് ഒയുടെയും ചെയർമാൻ സ്ഥാനാ‍ർഥിയായി മത്സരിച്ചു. ഞാനാണ് ജയിച്ചത്. ജനതാ പാർട്ടി വഴി പിന്നീട് കോൺ​ഗ്രസിലേക്ക് തിരിച്ച് വന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലലാം പച്ച നുണയാണ്.


കെവി തോമസ്: മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോ​ഗം ചെയ്യുന്നു. മുഖ്യമന്ത്രി ബ്രണ്ണൻ കോളജിൽ പഠിച്ച കാലമല്ല ഇത്. സിപിഎം നേതാവല്ല ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോ എന്ന് പിണറായി വിജയനും സിപിഎമ്മും ആലോചിക്കണം. കെ സുധാകരൻ രാഷ്ട്രീയക്കാരൻ എന്ന നിലയിലാണ് സംസാരിക്കുന്നത്.


രാജ്മോഹൻ ഉണ്ണിത്താൻ: ക്യാമ്പസ് രാഷ്ട്രീയ അനുഭവം സുധാകരൻ പങ്കുവച്ചതിൽ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നു. കെപിസിസി പ്രസിഡന്റിനെ അപമാനിക്കാൻ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസ്സിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ സുധാകരനല്ല മുഖ്യമന്ത്രിയാണ് കെ സുധാകരൻ വിരിച്ച വലയിൽ വീണത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.