Pookkalam: പൊന്നോണപ്പൂവിളിയുമായി അത്തമെത്തി; അറിയാം അത്തപ്പൂക്കളത്തിന്റെ കാണാകഥകൾ
പ്രാദേശികമായി ചില മാറ്റങ്ങൾ ഉണ്ടെങ്കിലും പൂക്കളമിടുന്നതിനും ചിട്ടകളുണ്ട്.
പൂവിളിയുമായി വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തി. അത്തം പത്തിന് പൊന്നോണമെന്നാണ് ചൊല്ല്. അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കുന്നത് ഓണനാളിലെ പ്രധാന ആചാരമായിരുന്നു. ഇന്നും ഈ ആചാരം പിന്തുടരുന്നവർ ഉണ്ട്. എന്നാലിന്ന് പലയിടത്തും തിരുവോണ നാളിൽ മാത്രമാണ് പൂക്കളം ഒരുക്കുന്നത്.
അത്തം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കുന്നുവെന്ന് പറയുന്നുവെങ്കിലും അതിന് പിന്നിലുള്ള ഐതിഹ്യം പലർക്കും അറിയില്ല.പിള്ളേരോണം മുതലാണ് പൂക്കളമിടുന്നതെന്ന് കേൾക്കുന്നു. പ്രാദേശികമായി ചില മാറ്റങ്ങൾ ഉണ്ടാവാം. എന്നാലും പൂക്കളമിടുന്നതിനും ചിട്ടകളുണ്ട്.
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാനുള്ള ഇരിപ്പിടമാണ് പൂക്കളം. തിരുവോണ ദിവസം തൃക്കാക്കരവരെ പോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ, അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ തന്നെ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.
Read Also: 'പോലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി'; സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങി
പണ്ടൊക്കെ തുമ്പയും മുക്കുറ്റിയും ശംഖുപുഷ്പവും പോലുള്ള നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളമൊരുക്കുക. മുറ്റത്ത് മൺ തറയൊരുക്കും. അനിഴം നാൾ മുതലാണ് അത് ഒരുക്കുക. തറ ശരിയായാൽ വട്ടത്തിൽ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാൻ ചാണക ഉരുളയും വയ്ക്കും. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇട്ട് തുടങ്ങിയത്.
തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങുന്നത്. ആദ്യ രണ്ടു ദിവസം അതായത് അത്തവും ചിത്തിരയും, തുമ്പപ്പൂവും തുളസിയും ഉപയോഗിച്ചാണ് പൂക്കളമൊരുക്കുന്നത്. മൂന്നാം ദിവസമായ ചോതി നാൾ മുതൽ നിറമുള്ള പൂക്കൾ ഇട്ട് തുടങ്ങും. ഒന്നാം ദിനം ഒരു നിര, രണ്ടാം നാളിൽ രണ്ട് നിര അങ്ങനെ പൂക്കളത്തിന്റെ വലിപ്പം കൂടി വരും. ചോതിനാൾ മുതലാണ് ചെമ്പരത്തിപ്പൂവ് പൂക്കളത്തിൽ ഇട്ടു തുടങ്ങുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
അഞ്ചാം ദിവസം മുതൽ കുട കുത്തും. ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്ത് വയ്ക്കുന്നതിനെയാണ് കുട കുത്തുക എന്ന് പറയുന്നത്. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്.
ഉത്രാടത്തിന് അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ട് തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. തുടർന്ന് ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ലും വയ്ക്കാറുണ്ട്.
തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. പൂക്കളത്തിൽ അട നിവേദിക്കുന്നത് അതിനുശേഷമാണ്. പൂവട എന്നാണ് ഇതിനു പറയുക. വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കും. ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണിത്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിനെ പല്ലിക്ക് ഓണം കൊടുക്കുക എന്നും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.