തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും. റെയ്ഡിനെ തുടർന്ന് ദേശീയ സംസ്ഥാന നേതാക്കളായ 18 പേ‍രെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തിന്റെ നടപടി ഭരണകൂട ഭീകരതയാണെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പോപ്പുലർ ഫ്രണ്ട് തീരുമാനിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ (സെപ്തംബർ 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ്  ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ALSO READ: Raids In Popular Front Office: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ!


രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമായി കേരളത്തിലെ 50 കേന്ദ്രങ്ങളിൽ ഒരേസമയം ഐഎൻഎ പരിശോധന നടത്തി. രാജ്യത്ത് വിവിധയിടങ്ങളിൽ നിന്നായി 106 പേരെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലര്‍ച്ചെയാണ് പോപ്പുല‍ർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. എൻ ഐഎ യും ഇഡിയും സംയുക്തമായി കേന്ദ്രസേനയുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.


രാജ്യവ്യാപകമായി 106  പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്ന് അറസ്റ്റിലായ 18 പേരിൽ എട്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. അതേസമയം പരിശോധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാജവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഉയർത്തുന്നത്. സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും  മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി. മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. റെയ്ഡ് നടത്തിയ എൻഐഎ സംഘം ഏതാനും ലഘുരേഖകളും മൊബൈൽ ഫോണുകളും ബുക്കുകളും പിടിച്ചെടുത്തതല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പിഎഫ്ഐ ട്രിവാൻഡ്രം എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റഷീദ് വ്യക്തമാക്കി.


കേരളത്തിൽ ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, മുൻ ചെയർമാൻ ഇ അബൂബക്കർ, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സമിതിയം​ഗം യഹിയ തങ്ങൾ‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. കോഴിക്കോട്ടെ ഓഫീസില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. വിവിധ ഓഫീസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.