കൊച്ചി: വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിനു ആശ്വാസമേകി കേന്ദ്രസർക്കാർ. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരം ധരിപ്പിച്ചതിനു പിന്നാലെയാണ് യൂണിറ്റിന് 2.80 രൂപ വൈദ്യുതി നല്‍കാമെന്ന് മന്ത്രി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ എല്ലാം ഡിജിറ്റലാണ്. എവിടെല്ലാം എന്തുവിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്ന് മൊബൈല്‍ ആപ്പിലൂടെ അറിയാം. അതിലൂടെ വൈദ്യുതി അധികമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാവുന്നതേയുള്ളു മന്ത്രി പറഞ്ഞു.


സാധാരണ താപവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളം വൈദ്യുതി വാങ്ങുകയാണെങ്കില്‍ യൂണിറ്റിന് ആറ് രൂപ മുതല്‍ പത്ത് രൂപ വരെ നല്‍കേണ്ടി വരും. ഈ സാഹചര്യത്തില്‍ കേന്ദ്ര സഹായം കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേരളമാണെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു.
 
നിലവിലെ വൈദ്യുതി പ്രതിസന്ധി മൂലം ലോഡ് ഷെഡിംഗിലേക്ക് പോകുന്ന അവസ്ഥയാണ്.  പവർകട്ട് തടയുന്നതിനായി കായംകുളം വൈദ്യുതി എടുക്കുന്നത് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളും സർക്കാർ ചർച്ച ചെയ്തു തുടങ്ങിയിരുന്നു. 


അണക്കെട്ടുകളിൽ 45% വെള്ളമേയുള്ളൂ. അതിനാൽ ജലവൈദ്യുതിയുടെ ഉൽപ്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാവാത്ത സ്ഥിതിയാണ്. ഈ സഹചര്യത്തിലാണ് കേന്ദ്രത്തിൽനിന്ന് വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.