PPE Kit Scam : പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി; കെ.കെ.ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത നോട്ടീസ്
KK Shailaja PPE Kit Scam ശൈലജയ്ക്ക് പുറമെ ലോകായുക്ത കെഎംസിഎൽ ജനറൽ മനേജർ ഡോ. ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം : മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ കേസെടുക്കാൻ ലോകായുക്ത നോട്ടീസ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിൽ അഴിമതയുണ്ടെന്ന പരാതിയിലാണ് കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മഹിള കോൺഗ്രസ് നേതാവുമായ വീണ എസ്.നായരുടെ പരാതിയിലാണ് ലോകായുക്ത നടപടി. ശൈലജയ്ക്ക് പുറമെ കെഎംസിഎൽ ജനറൽ മനേജർ ഡോ. ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്ന പരാതിയിന്മേലാണ് ലോകായുക്തയുടെ ഇടപെടൽ. ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജയായിരുന്നു കിറ്റുകൾ വാങ്ങാനുള്ള ചുമതലയുണ്ടായിരുന്നത്. വീണ എസ് നായർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോകായുക്ത വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷിക്കാൻ നോട്ടീസ് നൽകിയത്. ഒരു മാസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. പിപിഇ കിറ്റിന് പുറമെ കൈയുറ, ഇൻഫ്രാറെഡ് തെർമോമീറ്റർ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിലും അഴിമിതയുണ്ടെന്നാണ് ആരോപണം.
നേരത്തെ സമാനമായ ആരോപണം ഉയർന്നപ്പോൾ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധം തീർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. എന്നാൽ, ലോകായുക്ത കേസെടുത്തതോടെ പ്രതിരോധം പാളുമെന്നുറപ്പായി. മുഖ്യമന്ത്രിയും കെ.കെ.ശൈലജയും പ്രതികളായ കേസുകൾ ലോകയുക്തയ്ക്ക് മുന്നിൽ എത്തിയതോടെയാണ് ലോകായുക്തയെ ദുർബലപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ചത്.
അതേസമയം വിഷയത്തിൽ ഗവർണ്ണർ ഉരസുകയും ഒപ്പിടാതിരിക്കുകയും ചെയ്തത് സർക്കാരിന് തിരിച്ചടിയായിരുന്നു. കെ.കെ.ശൈലജയ്ക്കെതിരായ കേസ് ചർച്ചയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വിഷയത്തിൽ ആടിയുലഞ്ഞിരിക്കുന്ന പ്രതിപക്ഷത്തിന് ലഭിച്ച തുറുപ്പ് ചീട്ടാണ് ഈ ലോകായുക്ത നോട്ടീസ്. എന്നാൽ വിഷയത്തെ രാഷ്ട്രീയ പ്രേരിതമായി പ്രതിരോധിക്കാനാണ് എൽഡിഎഫ് ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...