നിപാ വൈറസിന്‍റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തി!!
കേന്ദ്ര വൈറോളജി വിഭാഗം തോടുപുഴയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് നിപാ വൈറസ് കണ്ടെത്തിയത്.
ന്യൂഡല്‍ഹി: നിപാ വൈറസിന്‍റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തി. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപാ സാന്നിധ്യം കണ്ടത്തിയിരിക്കുന്നത്.
കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര വൈറോളജി വിഭാഗം തോടുപുഴയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് നിപാ വൈറസ് കണ്ടെത്തിയത്.
2018 ല്‍ നിപാ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച 52 വവ്വാലുകളുടെ സാമ്പിളില്‍ പത്തെണ്ണത്തില്‍ 19 ശതമാനത്തോളം വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ വര്‍ഷം ജൂണ്‍ ആദ്യവാരമാണ് ഏറണാകുളത്തെ പറവൂരില്‍ ആദ്യമായി ഒരു വൈറസ് ബാധ കണ്ടെത്തിയത്.
ഇതിനുപിന്നാലെ നിപയുടെ ഉറവിടം തേടി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുകയും അവര്‍ ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപാ സാന്നിധ്യം കണ്ടെത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എന്തായാലും ഇപ്പോള്‍ കേരളത്തില്‍ ആര്‍ക്കും നിപാ വൈറസ് ബാധയില്ല. ഒരാള്‍ക്ക് ആണ് നിപാ ബാധ പിടിപെട്ടിരുന്നത്. അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകുകയും ചെയ്തു.
50 പേരില്‍ നിപാ സംശയിച്ചിരുന്നുവെങ്കിലും പരിശോധനാ ഫലം വന്നപ്പോള്‍ ആര്‍ക്കും നിപാ ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.