Price Hike : നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റം; സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം
ഒരാഴ്ചക്കിടയിൽ രണ്ടു രൂപ മുതൽ പത്ത് രൂപ വരെയാണ് പല സാധനങ്ങൾക്കും വില വർധിച്ചിരിക്കുന്നത്.
കണ്ണൂർ: വരാനിരിക്കുന്നത് വൻ വിലക്കയറ്റത്തിന്റെ നാളുകൾ. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ പെട്രോൾ ഡീസൽ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് ഉറപ്പായെങ്കിലും അതിനു മുമ്പ് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചു കയറുകയാണ്. ഡീസൽ വില കൂടി വർധിക്കുന്നതോടെ വില വീണ്ടും വർധിക്കും. ഇത് സാധാരണക്കാരെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
പലചരക്ക് സാധനങ്ങളുടെ വിലയിൽ വൻ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അരി, പഞ്ചസാര, പഴം തുടങ്ങിയവയ്ക്ക് വില വർധിച്ചു. ഒരാഴ്ചക്കിടയിൽ രണ്ടു രൂപ മുതൽ പത്ത് രൂപ വരെയാണ് പല സാധനങ്ങൾക്കും വില വർധിച്ചിരിക്കുന്നത്. റംസാൻ കാലവും വിഷുവും വരാനിരിക്കേയാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറുന്നത്.
ഡീസൽ വില വർധിക്കുന്നതിന്റെ മറവിൽ ലോറി വാടക കൂട്ടി കൂടുന്നതും സാധനങ്ങളുടെ ലഭ്യത കുറവും ഒക്കെ കാരണമാണ് പലചരക്ക് വില കൂടുന്നത്. ഡീസലിന് 5 മുതൽ 15 രൂപവരെ വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പുകൾ. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില വർധിപ്പിക്കാതെ കേന്ദ്രസർക്കാർ മുന്നോട്ടു പോയത്. പ്രഖ്യാപനം വന്നതോടെ ഏതു നിമിഷവും ഇന്ധന വില ഉയരാനാണ് സാധ്യത.
കോവിഡ് വന്നതോടെ വ്യാപാരസ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്. ഇതിനോടകം പല സ്വകാര്യ സ്ഥാപനങ്ങളും അടച്ചു പൂട്ടി. ഡീസൽ വില വർധിപ്പിച്ചാൽ ചാർജ് വർദ്ധിപ്പിക്കാതെ ബസുകൾ നിരത്തിലിറക്കില്ലെന്ന് ബസ്സുടമകളും വ്യക്തമാക്കി. ഇതെല്ലാം ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.