`കെ റെയിൽ: വേഗതയല്ലിത് വേദനമാത്രം`; സംസ്കാര സാഹിതി സമരയാത്ര മെയ് ഏഴിന്; ആര്യാടൻ ഷൗക്കത്ത് ജാഥാ ക്യാപ്റ്റൻ
ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച കലികാലക്കല്ല് എന്ന നാടകാവിഷ്കാരം അരങ്ങേറും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വരുത്തിവെയ്ക്കുന്ന കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടും 'കെ റെയിൽ, വേഗതയല്ലിത് വേദനമാത്രം' എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി സാംസ്കാരിക സമരയാത്ര ആരംഭിക്കുമെന്ന് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ സംഘടിപ്പിക്കുന്ന സമരയാത്ര മെയ് ഏഴിന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ നിന്നാണ് തുടങ്ങുന്നത്. വൈകുന്നേരം അഞ്ചിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ജാഥാ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്തിന് പതാക കൈമാറി സമരയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. നിർദ്ദിഷ്ട കെ റെയിൽ പാതയ്ക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിച്ചാണ് സമരയാത്ര കടന്നുപോകുന്നത്.
സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിഭകൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംവദിക്കും. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച കലികാലക്കല്ല് എന്ന നാടകാവിഷ്കാരവും നാടൻ പാട്ടുകളും വരയും വർത്തമാനവുമായി മെയ് 15-ന് സമരയാത്ര കാസർകോട് സമാപിക്കും. സംസ്ഥാനത്തുടനീളം 100 സാംസ്കാരിക പ്രതിരോധ സദസുകളും സംഘടിപ്പിക്കും. കേരളത്തിന് നാശം വിതയ്ക്കുന്ന കെ റെയിലിനെതിരെ 10,000 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട സാംസ്കാരിക പ്രതിഷേധ പത്രിക രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
മൂന്നുദിവസം തുടർച്ചയായി മഴ പെയ്താൽ കുട്ടനാടിന് പുറമേ സമതലങ്ങൾ പോലും വെള്ളക്കെട്ടായി മാറുന്ന കേരളത്തിന് കെ റെയിൽ ഒട്ടും അനുയോജ്യമല്ലെന്നും ഇത് വലിയ നാശം വിതയ്ക്കുമെന്നും പരിസ്ഥിതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും വാശിക്ക് പിന്നിൽ കമ്മീഷനടിയാണ് ലക്ഷ്യം. കൃത്യമായ പരിസ്ഥിതി ആഘാത റിപ്പോർട്ടോ ഡിപിആറോ പോലും തയാറാക്കാത്ത കെ റെയിലിന് വേണ്ടി അർധ രാത്രിയിൽ കുറ്റിയടിക്കുകയാണ്. എത്രയോ വികസന പദ്ധതികൾ കേരളത്തിൽ ഇതിനുമുമ്പുണ്ടായിട്ടുണ്ടെങ്കിലും പൊലീസുകാരും ഉദ്യോഗസ്ഥരും ഇങ്ങനെ വീടുകളുടെ മതിൽ ചാടിക്കടന്ന് കുറ്റിയടിക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ പലിശയ്ക്ക് പണമെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
പലിശ ഇല്ലാത്ത പണമാണെങ്കിൽ കൂടി പത്തുവർഷം കഴിയുമ്പോൾ ഇതിന്റെ തിരിച്ചടവ് കേരളത്തിന് വലിയ ബാധ്യതയാകും. 200 കിലോമീറ്റർ സ്പീഡിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുമെന്നാണ് അവകാശവാദം. എന്നാൽ, യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള റോഡുകൾ പോലും ഇല്ലാതാക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കാനൊരുങ്ങുന്നത്. സാധാരണ ജനങ്ങൾക്ക് ഗുണമില്ലാത്ത, കേരളത്തെ അടിമപ്പെടുത്തിയുള്ള ഈ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസ്കാര സാഹിതി ജനറൽ കൺവീനർ എൻ.വി പ്രദീപ്കുമാർ, സംസ്ഥാന സെക്രട്ടറി കെഎം ഉണ്ണികൃഷ്ണൻ, ജില്ലാ കൺവീനർ രാജേഷ് മണ്ണാമൂല എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.