സംഘർഷം സൃഷ്ടിക്കാനുള്ള കോൺഗ്രസ് -ബിജെപി നീക്കത്തിൽ പ്രതിഷേധം: DYFI
സമരത്തിന്റെ മറവിൽ ഗുണ്ടകളെ ഇറക്കിവിട്ട് തലസ്ഥാന നഗരം കലാപ ഭൂമിയാക്കാനാണ് കോൺഗ്രസ് -ബിജെപി പദ്ധതി
തിരുവനന്തപുരം: കോർപ്പറേഷനെ മുൻ നിർത്തി സംഘർഷമുണ്ടാക്കാനും ക്രമസമാധാന നില തകർക്കാനുമുള്ള കോൺഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയർത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെകട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച 'കത്തിന്റെ' ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്താൻ മേയർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതു പ്രകാരം പോലീസ് തുടർ നടപടി സ്വീകരിച്ചു വരുന്നു. എന്നാൽ സമരത്തിന്റെ മറവിൽ ഗുണ്ടകളെ ഇറക്കിവിട്ട് തലസ്ഥാന നഗരം കലാപ ഭൂമിയാക്കാനാണ് കോൺഗ്രസ് -ബിജെപി പദ്ധതി.
ഒരു വനിതയെന്ന നിലയിൽ മേയറെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടും സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തി കൊണ്ടുമുള്ള ചില കോൺഗ്രസ് - ബിജെപി നേതാക്കളുടെ ഭാഷ അതിരു കടന്നതാണ്. കെ സുധാകരൻ , കെ മുരളീധരൻ ,കെ സുരേന്ദ്രൻ എന്നിവരുടെ നിലവാരമില്ലാത്ത പ്രസ്താവനകളെ അർഹിക്കുന്ന അവജ്ഞയോടെ തലസ്ഥാന ജില്ല തള്ളിക്കളയും . മാന്യമായ പ്രതിഷേധം ജനാധിപത്യപരമാണ്. എന്നാൽ മേയറെയും കൗൺസിലർമാരെയും ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.
പ്രതിപക്ഷ നേതാവിന്റെ വാക്കും കേട്ട് തലസ്ഥാന നഗരിയിൽ അതിക്രമം നടത്താനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും. അക്രമത്തിലൂടെ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും വികസനത്തെ അട്ടിമറിക്കാനുമുള്ള നടപടിയ്ക്കെതിരെ നവംബർ 10 ന് കോർപ്പറേഷൻ പരിധിയിലെ 100 വാർഡുകളിലും നഗരത്തിലെ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് DYFI ജില്ലാ കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...